പാട്‌ന: മഹാഗഡ്ബന്ധനൊപ്പമുള്ള സഖ്യം ബീഹാര്‍ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമുള്ളതായിരുന്നുവെന്ന് ബീഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജേഷ് കുമാര്‍. പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിനാണ് ഇനി തങ്ങളുടെ അടുത്ത ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ ജില്ലാ അധ്യക്ഷന്‍മാര്‍ക്കും ഭാരവാഹികള്‍ക്കും മുന്നണിയിലെ മറ്റ് സംഘടനാ നേതാക്കള്‍ക്കൊപ്പവും നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് രാജേഷ് കുമാര്‍ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ജില്ലാ തല നേതാക്കളുമായുള്ള ആദ്യ കൂടിക്കാഴ്ച കൂടിയായിരുന്നു ഇത്.
‘ബീഹാര്‍ തെരഞ്ഞെടുപ്പിലെ പരാജയം, വോട്ട് ചോരിക്കെതിരായ പ്രതിഷേധങ്ങള്‍, നിയമസഭാ കക്ഷി നേതാവ് തെരഞ്ഞെടുപ്പ്, പാര്‍ട്ടിക്കുള്ളിലെ ഏകോപനം എന്നീ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു,’ രാജേഷ് കുമാര്‍ പറഞ്ഞു.
ആര്‍.ജെ.ഡിക്കൊപ്പമുള്ള രാഷ്ട്രീയ സഖ്യമുപേക്ഷിച്ച് അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്.
ബീഹാറില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആറ് എം.എല്‍.എമാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായും ചര്‍ച്ചകള്‍ നടത്തി.
ആര്‍.ജെ.ഡിയുമായി സഖ്യമുപേക്ഷിക്കാനായി കോണ്‍ഗ്രസിനുള്ളില്‍ നിന്നും ഉയരുന്ന സമ്മര്‍ദത്തെ കുറിച്ചും എം.എല്‍.എമാര്‍ രാഹുല്‍ ഗാന്ധിയെയും ഖാര്‍ഗെയെയും അറിയിച്ചു.
ആര്‍.ജെ.ഡിയുമായി സഖ്യമുപേക്ഷിക്കണമെന്നാണ് മത്സരിച്ച 61 കോണ്‍ഗ്രസ് നേതാക്കളുടെയും നിലപാടെന്ന് മുതിര്‍ന്ന നേതാവ് ഷക്കീല്‍ അഹമ്മദ് ഖാന്‍ യോഗത്തില്‍ പറഞ്ഞു.ആര്‍.ജെ.ഡിയുമായി സഖ്യമില്ലാതെ ബീഹാറില്‍ തങ്ങള്‍ ഒറ്റയ്ക്കാണ് മത്സരിച്ചിരുന്നതെങ്കില്‍ ഇപ്പോഴുള്ളതിനേക്കാള്‍ മികച്ച നേട്ടം ഉണ്ടാക്കാന്‍ കഴിയുമെന്നായിരുന്നു എന്നാണ് ഞങ്ങളുടെ സ്ഥാനാര്‍ത്ഥികളില്‍ ഭൂരിപക്ഷം നേതാക്കളും പറഞ്ഞത്.
ഭാവി എന്തായിരിക്കണമെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണ്,’ ഷക്കീല്‍ അഹമ്മദ് ഖാന്‍ യോഗത്തിന് ശേഷം പ്രതികരിച്ചു.
ആര്‍.ജെ.ഡിയുമായുള്ള സഖ്യം അവസാനിപ്പിച്ച് മുമ്പ് തങ്ങളെ പിന്തുണച്ച മുസ്‌ലിം, ദളിത്, ബ്രാഹ്‌മണ, ഭൂമിഹാര്‍ വിഭാഗത്തിലുള്ള വോട്ടര്‍മാരെ തിരികെ കൊണ്ടുവരണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നത്
.ആര്‍.ജെ.ഡിക്കെതിരെ എന്‍.ഡി.എ ഉയര്‍ത്തിയ ‘ജംഗിള്‍ രാജ്’ പ്രയോഗം ആര്‍.ജെ.ഡി ഭരണകാലത്തെ ക്രമസമാധാന തകര്‍ച്ചയെ കുറിച്ച് ജനങ്ങളെ ഓര്‍മ്മിപ്പിച്ചുവെന്ന് സംസ്ഥാനത്തെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അഭിപ്രായമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇത് ഘടക കക്ഷികളുടെ വിജയത്തെയും പ്രതികബലമായി ബാധിച്ചെന്നും ഇവര്‍ കണക്കാക്കുന്നു.
