പ്രായം മുപ്പത്തിയെട്ടും മുപ്പത്തിയേഴുമാണ്. അസ്തമയസമയം കുറിച്ചവര്‍ക്ക് മുന്നില്‍ ഒരാള്‍ സിഡ്‌നിയെ ത്രസിപ്പിച്ചു മറ്റൊരാള്‍ റാഞ്ചിയില്‍ ആവേശം വിതറി. പുതുതലമുറയും ഒപ്പംകൂടിയവരും പിന്നാലെ വന്നവരും സാക്ഷിയായിരുന്നു.

2027 ഏകദിന ലോകകപ്പിനെക്കുറിച്ച് നയം വ്യക്തമാക്കത്ത രണ്ടുപേരെന്നാണ് തലപ്പത്തിരിക്കുന്നവരുടെ ഭാഷ്യം. നാവുകൊണ്ട് കളത്തിലെ പോരായ്മകളെ മറയ്ക്കുന്ന ശൈലിയോ നേട്ടങ്ങള്‍ നിരത്തി പ്രതിരോധിക്കുന്ന രീതിയോ അല്ല ഇരുവരുടേയും, ഇവിടെ ബാറ്റും നേടുന്ന റണ്‍സുമാണ് സംസാരിക്കുന്നത്.

രോഹിത് ശര്‍മയുടേയും വിരാട് കോഹ്ലിയുടേയും വിരമിക്കല്‍ ദിനം എണ്ണുന്നത് അവസാനിപ്പിക്കാൻ സമയമായില്ലയെന്നാണ് ചോദ്യം.പ്രായം ഒരുവശത്ത് നില്‍ക്കട്ടെ, കായികലോകത്ത് കാര്യങ്ങള്‍ തീരുമാനിക്കുന്നത് പ്രായമല്ല, പ്രകടനങ്ങളും സ്ഥിരതയുമാണ്. ആ തട്ടെടുത്തുവെച്ചാല്‍ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രം കണ്ട എക്കാലത്തെയും മികച്ച ദ്വയത്തിന് മുകളില്‍ നില്‍ക്കുന്നൊരാള്‍ ഇന്ന് നീലക്കുപ്പായം അണിയുന്നില്ല. കണക്കുകള്‍ നിരത്താം. 2025 കലണ്ടര്‍ വര്‍ഷമെടുക്കൂ. ഇന്ത്യക്കായി ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയത് രോഹിതാണ്. 12 ഇന്നിങ്സുകളില്‍ നിന്ന് 51 ശരാശരിയിലും 99 സ്ട്രൈക്ക് റേറ്റിലും 561 റണ്‍സ്. രണ്ട് ശതകവും മൂന്ന് അ‍ര്‍ദ്ധ സെഞ്ച്വറികളും ഈ കാലഘട്ടത്തിലുണ്ട്.

ഇന്ത്യക്കായി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ശ്രേയസ് അയ്യര്‍ക്കും ശുഭ്മാൻ ഗില്ലിനും പിന്നിലാണെങ്കിലും ഒരുപാട് ദൂരത്തിലല്ല കോഹ്ലിയും. 11 കളികളില്‍ നിന്ന് 484 റണ്‍സ്. ശരാശരി 54 ആണ്, സ്ട്രൈക്ക് റേറ്റ് 90 തൊട്ടിരിക്കുന്നു. രോഹിതിന് സമാനമായി രണ്ട് സെഞ്ച്വറി മൂന്ന് അര്‍ദ്ധ ശതകങ്ങളും കോഹ്ലിയുടെ പേരിലും എഴുതിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്.

രണ്ട് പേരുടേയും റണ്‍വേട്ടയ്ക്ക് കുറിവെക്കാൻ കരിയറിന്റെ പീക്കിലുള്ള പല ബാറ്റര്‍മാര്‍ക്കും കഴിയുന്നില്ല, പ്രായം ഇവിടെ വേണമെങ്കില്‍ ഓര്‍മിപ്പിക്കാം, മുപ്പത്തിയെട്ടും മുപ്പത്തിയേഴും. റണ്‍സിന്റെ കണക്കുകള്‍ മാറ്റിവെക്കാം.

ഇന്ത്യ ഏകദിനത്തില്‍ വിജയിച്ച അവസാന അഞ്ച് മത്സരങ്ങള്‍. ചാമ്പ്യൻസ് ട്രോഫിയില്‍ മൂന്ന് മത്സരങ്ങള്‍, ശേഷം ഓസ്ട്രേലിയക്കെതിരെ സിഡ്നിയിലും റാഞ്ചിയില്‍ ദക്ഷിണാഫ്രിക്കയ്ക്കും എതിരെ. ചാമ്പ്യൻസ് ട്രോഫിയില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലൻഡിനെതിരെ വരുണ്‍ ചക്രവര്‍ത്തി. ഓസ്ട്രേലിയക്കെതിരായ സെമിയില്‍ കോഹ്ലി, കിവീസിനെതിരെ ഫൈനലില്‍ രോഹിത്.

സിഡ്നിയില്‍ രോഹിത്, റാഞ്ചിയില്‍ കോഹ്ലി. ഇന്ത്യ വിജയിച്ച അവസാന അഞ്ച് മത്സരങ്ങളില്‍ നാലിലും കളിയിലെ താരങ്ങളായത് രോഹിതും കോഹ്ലിയുംഇനി അവസാന പത്ത് ഏകദിന മത്സരങ്ങള്‍ എടുക്കാം. കോഹ്ലിയും രോഹിതും ടോപ് സ്കോറര്‍മാരായത് മൂന്ന് വീതം മത്സരങ്ങളിലാണ്.

രണ്ട് തവണ ശുഭ്മാൻ ഗില്ലും ഒന്നുവീതം ശ്രേയസും കെ എല്‍ രാഹുലും. നാല്‍പ്പതിനോട് അടുക്കുന്നവര്‍ക്ക് ഒപ്പമെത്താൻ യുവനിരയ്ക്ക് പോലും സാധിക്കുന്നില്ലെന്ന് കണക്കുകള്‍ പറയുന്നു. കരിയറിന്റെ അവസാന കാലത്തോട് അടുക്കുമ്പോഴും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാൻ ഒന്നരപതിറ്റാണ്ടായി ശീലിച്ചതെല്ലാം തുടുരുകയാണ് രോ-കൊ സഖ്യം.

2027 ലോകകപ്പ് മുന്നില്‍ നില്‍ക്കെ രോഹിതിന്റെയോ കോഹ്ലിയിടയോ മികവിലല്ല ആശങ്കകളെന്നാണ് പലപ്പോഴും മുഖ്യസെലക്ടര്‍ അജിത് അഗാര്‍ക്കറും പരിശീലകൻ ഗൗതം ഗംഭീറും ആവര്‍ത്തിച്ചിട്ടുള്ളത്.

മറിച്ച് അവര്‍ക്ക് ലോകകപ്പിലേക്ക് എത്താനുള്ള ഹംഗര്‍ ഉണ്ടായിരിക്കണമെന്നാണ്. തീ ഇനിയും കെട്ടടങ്ങിയിട്ടില്ലെന്ന് ബാറ്റ് തെളിയിക്കുമ്പോള്‍, വാക്കുകള്‍ക്കൊണ്ടും മറച്ച് വെക്കുന്നില്ല ഇരുവരും. റാഞ്ചി ഏകദിനത്തിന് മുൻപ് രോഹിതും ശേഷം കോഹ്ലിയും പറഞ്ഞ പ്രസ്താവനകള്‍ മാത്രമെടുത്തു നോക്കിയാല്‍ മതിയാകും.

Leave a Reply

Your email address will not be published. Required fields are marked *