കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ എ.പത്മകുമാറിനെ വരിഞ്ഞുമുറുക്കി എസ്ഐടി. ദ്വാരപാലക സ്വർണ്ണ മോഷണ കേസിലും എ.പത്മകുമാർ പ്രതി.
അന്വേഷണ സംഘം ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 14 ദിവസത്തേക്ക് കൂടി റിമാൻഡ് നീട്ടി കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടു. ഡിസംബർ 8ന് എ. പത്മകുമാറിൻ്റെ ജാമ്യപേക്ഷ കോടതി വീണ്ടും പരിഗണിക്കും. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിൻ്റെയും മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെയും മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി.
സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് തീരുമാനത്തിന് കൂട്ടുത്തരവാദിത്തമുണ്ടെന്ന് പത്മകുമാർ നേരത്തേ പ്രതികരിച്ചിരുന്നു. ഞാൻ മാത്രം എങ്ങനെ പ്രതിയാകും? ബോർഡ് അംഗങ്ങളുടെ അറിവോടെയാണ് ചെമ്പ് എന്ന് രേഖപ്പെടുത്തിയത്.
ഉദ്യോഗസ്ഥർ പിച്ചള എന്നെഴുതിയപ്പോൾ ഞാനാണ് ചെമ്പ് എന്ന് മാറ്റിയത്. പാളികൾ ചെമ്പ് ഉപയോഗിച്ച് നിർമിച്ചതുകൊണ്ടാണ് അങ്ങനെ തിരുത്തിയത് എന്നും എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു.
അതേ സമയം കേസിൽ തന്ത്രിമാർക്കെതിരെ എ.പത്മകുമാറിന്റ നിർണായക മൊഴി എസ്ഐടി രേഖപ്പെടുത്തി. തന്ത്രി കണ്ഠരര് രാജീവരുടെ അറിവോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ എത്തിയതെന്നാണ് പത്മകുമാർ പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴി. സ്വർണം പൂശാനായി ചെന്നൈയിലേക്ക് കൊടുത്തുവിടുന്നതിന് തന്ത്രിമാർ അനുമതി നൽകിയിരുന്നെന്നും പത്മകുമാർ പറഞ്ഞു.
