കടക്കെണിയിൽപ്പെട്ട് നട്ടംതിരിയുന്ന പാക്കിസ്ഥാൻ കരകയറാനായി ദേശീയ വിമാനക്കമ്പനി വിൽക്കുന്നു. പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർ‌ലൈൻസിനെ (പിഐഎ) വാങ്ങാൻ മുൻനിരയിലുള്ളതാകട്ടെ പാക്കിസ്ഥാന്റെ സൈനിക മേധാവി അസിം മുനീറിന്റെ ‘അധീനതയിലുള്ള’ കമ്പനിയും.

രാജ്യാന്തര നാണയ നിധിയില്‍ (ഐഎംഎഫ്) നിന്ന് 7 ബില്യൻ ഡോളറിന്റെ (ഏകദേശം 63,000 കോടി ഇന്ത്യൻ രൂപ) വായ്പസഹായം പാക്കിസ്ഥാൻ ഉറപ്പാക്കിയിരുന്നു. ഇതു കിട്ടണമെങ്കിൽ ഐഎംഎഫ് പറയുന്ന നിബന്ധനകൾ അനുസരിക്കണം.അതിലൊന്നാണ് ദേശീയ വിമാനക്കമ്പനിയുടെ വിൽപന.

വിമാനക്കമ്പനിയുടെ 51 മുതൽ‌ 100% വരെ വിറ്റൊഴിയാനുള്ള നടപടികൾ തുടങ്ങിയെന്ന് പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വായ്പാക്കരാർ പ്രകാരം ഒരു ബില്യൻ ഡോളർ (9,000 കോടി രൂപ) ഐഎംഎഫ് നേരത്തേ പാക്കിസ്ഥാന് നൽകിയിരുന്നു.

അടുത്ത ഗഡുവായ 1.2 ബില്യൻ ഡോളർ (10,800 കോടി രൂപ) നൽകാനുള്ള ഐഎംഎഫിന്റെ യോഗം ഡിസംബർ 8നാണ്. തുടർന്നുള്ള ഗഡുക്കൾ കിട്ടണമെങ്കിൽ ഈ വർഷത്തിനകം പാക്കിസ്ഥാൻ വിമാനക്കമ്പനി വിറ്റഴിക്കാനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കണം.4 കമ്പനികളാണ് നിലവിൽ പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസിനെ ഏറ്റെടുക്കാൻ രംഗത്തുള്ളത്.

അതിലൊന്നാണ് അസിം മുനീറിന്റെനിയന്ത്രണത്തിൽ പാക്കിസ്ഥാൻ സൈന്യം നയിക്കുന്ന ഫൗജി ഫെർട്ടിലൈസർ കമ്പനി ലിമിറ്റഡ്. സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഫൗജി ഫൗണ്ടേഷന്റെ കീഴിലുള്ള കമ്പനിയാണിത്. ലക്കി സിമന്റ് കൺസോർഷ്യം, ആരിഫ് ഹബീബ് കോർപറേഷൻ കൺസോർഷ്യം, എയർ‌ ബ്ലൂ ലിമിറ്റഡ് എന്നിവയാണ് മറ്റ് 3 കമ്പനികൾ.അതിലൊന്നാണ് അസിം മുനീറിന്റെ

പാക്കിസ്ഥാനിലെ ഏറ്റവും വലിയ കോർപറേറ്റ് സ്ഥാപനങ്ങളിലൊന്നാണ് ഫൗജി ഫൗണ്ടേഷൻ. പാക്കിസ്ഥാനിൽ അധികാര/ഭരണതലങ്ങളിൽ സൈന്യത്തിന്റേതാണ് നിലവിൽ അന്തിമവാക്ക്. അസിം മുനീറാകട്ടെ അതുകൊണ്ടുതന്നെ, നിലവിൽ പാക്കിസ്ഥാനിലെ ഏറ്റവും കരുത്തനായ വ്യക്തിയുമാണ്. ഫൗജി ഫൗണ്ടേഷനിൽ അസിം മുനീറിന് നേരിട്ട്പ്രവർത്തനച്ചുമതലകളില്ല.

എന്നാൽ, കമ്പനിയുടെ സെൻട്രൽ ഡയറക്ടർ ബോർഡിലെ ക്വാർട്ടർമാസ്റ്റർ ജനറലിനെ നിയമിക്കുന്നതും തത്വത്തിൽ കമ്പനിയെ പരോക്ഷമായി നിയന്ത്രിക്കുന്നതും അസിം മുനീറാണ്.

പൈലറ്റുമാരിൽ 30 ശതമാനത്തിലേറെപ്പേർ വ്യാജ ലൈസൻസുള്ളവരാണെന്ന് 2020ൽ റിപ്പോർട്ടുകൾ പുറത്തുവന്നത് പാക്കിസ്ഥാന് കനത്ത അടിയായിരുന്നു. 260ലേറെ പൈലറ്റുമാരെ ചുമതലകളിൽ നിന്ന് മാറ്റിനിർ‌ത്തേണ്ടി വന്നു. പിന്നാലെ, പിഐഎയ്ക്ക് യൂറോപ്യൻ യൂണിയൻ വിലക്കും ഏർപ്പെടുത്തിയിരുന്നു. അഴിമതി, ഭരണതലത്തിലെ പ്രതിസന്ധികൾ, തുടർച്ചയായ അപകടങ്ങൾ, ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് തുടങ്ങിയ പ്രതിസന്ധികളും പിഐഎ നേരിടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *