മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ നിലവിലെ ചാംപ്യൻമാരായ മുംബൈയെ തോൽപിച്ച് കേരളം. മുംബൈയെ 15 റൺസിനാണ് കേരളം തോൽപ്പിച്ചത്. 46 റൺസെടുത്ത സഞ്ജു സാംസൺ ആണ് കേരളത്തിൻ്റെ ടോപ് സ്കോറർ.
കേരളത്തിനായി കെഎം ആസിഫ് അഞ്ച് വിക്കറ്റ് വീഴ്ത്തി. അതേസമയം, ഒരു വിക്കറ്റും 35 റൺസുമെടുത്ത ഷറഫുദ്ദീനാണ് കളിയിലെ താരം. കഴിഞ്ഞ മത്സരത്തിൽ സഞ്ജു നയിച്ച കേരളം വിദര്‍ഭയോട് തോറ്റിരുന്നു.
ആ കളിയിൽ ആദ്യം ബാറ്റ് ചെയ്ത കേരളം 19.2 ഓവറില്‍ 164 റണ്‍സിന് പുറത്തായപ്പോള്‍ 18.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ വിദര്‍ഭ ലക്ഷ്യത്തിലെത്തി. അര്‍ധസെഞ്ചുറി നേടിയ രോഹന്‍ കുന്നുമ്മലും വിഷ്ണു വിനോദിനും പുറമെ അബ്ദുള്‍ ബാസിത് മാത്രമാണ് കേരളത്തിനായി രണ്ടക്കം കടന്നത്.
രോഹന്‍ കുന്നുമ്മല്‍ 35 പന്തില്‍ 58 റണ്‍സടിച്ചപ്പോള്‍ വിഷ്ണു വിനോദ് 37 പന്തില്‍ 65 റണ്‍സെടുത്തു. അവസാന ആറ് വിക്കറ്റുകള്‍ 16 റണ്‍സിനിടെ കേരളം വലിച്ചെറിഞ്ഞപ്പോള്‍ ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റൻ സഞ്ജു സാംസണ്‍ നാലു പന്തില്‍ ഒരു റണ്‍സ് മാത്രമെടുത്ത് മടങ്ങി.
