പാലക്കാട് : ഗുരുതരമായ ലൈംഗിക പീഡന പരാതികള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസ് പാർട്ടിയില്‍ നിന്ന് പുറത്താക്കിയ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിൻ്റെ തീരുമാനം അംഗീകരിക്കുന്നുവെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം പി.
നേരത്തെ തന്നെ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്നും മാറ്റി നിർത്തിയതാണെന്നും എംഎൽഎ എന്ന നിലയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കി കൊടുക്കേണ്ട എന്ന് തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
എല്ലാ കോൺഗ്രസ് നേതാക്കളും ഈ തീരുമാനം അംഗീകരിക്കുന്നു. തീരുമാനത്തിൽ വെള്ളം ചേർക്കാതെ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ഇനി എംഎൽഎ സ്ഥാനം കയ്യിൽ വെച്ചിരുന്നിട്ട് ഒരു കാര്യവുമില്ല. കോൺഗ്രസ് ടിക്കറ്റിലാണ് രാഹുലിന് എംഎൽഎ സ്ഥാനം കിട്ടിയത്.
സ്വയം എംഎൽഎ സ്ഥാനം രാജി വെച്ചാൽ അത്രയും നല്ലതാണെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്ത്
കോൺഗ്രസ് എടുത്തത് ധീരമായ നടപടിയാണെന്നും ഇത്തരം വിഷയങ്ങളിൽ പാർട്ടിയുടെ അന്തസ് ഉയർത്തുകയാണ് ചെയ്യുകയെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പ്രതികരിച്ചു.
പൊതുജനങ്ങളുടെ മുന്നിൽ പാർട്ടിയുടെ അന്തസ്സ് ഉയർത്തണം. കോൺഗ്രസ് എടുത്തത് ധീരമായ നടപടിയാണ്. എംഎൽഎ സ്ഥാനം ഒഴിയണമോ എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ തീരുമാനിക്കണം.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കിട്ടിയ പരാതി 1-2 മണിക്കൂറിനകം പൊലീസിന് കൈമാറിയെന്നും നേതാക്കന്മാർ തമ്മിൽ സംസാരിച്ചുവെന്നും കെ സി വ്യക്തമാക്കി. രാഹുലിനെ സംരക്ഷിക്കുന്ന ഒരു നടപടിയും ഉണ്ടായിട്ടില്ല. ഒരു രാഷ്ട്രീയപാർട്ടി വേഗത്തിൽ എടുത്ത തീരുമാനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
