കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കാലയളവില്‍ കൂറുമാറിയത് ചലച്ചിത്ര താരങ്ങളടക്കം 28 സാക്ഷികള്‍. കൂറുമാറിയവരില്‍ കാവ്യയടക്കം എട്ടുപേര്‍ ദിലീപിന്റെ കുടുംബാംഗങ്ങള്‍ തന്നെയാണ്. ചലച്ചിത്രതാരങ്ങള്‍ മുതല്‍ ദിലീപിന്റെയും കാവ്യയുടേയും ബന്ധുക്കളും ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വരെ വിചാരണക്കിടെ കൂറുമാറി. ചലച്ചിത്രതാരങ്ങളായ ഭാമ, ബിന്ദുപണിക്കര്‍, സിദ്ദിഖ്, ഇടവേള ബാബു എന്നിവര്‍ വിചാരണക്കിടെ കൂറുമാറി. ഇവരുടെ ആദ്യമൊഴികള്‍ ദിലീപിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് സ്ഥാപിക്കാന്‍ സഹായിച്ചവയായിരുന്നു.

അടുത്ത സുഹൃത്തുക്കളും ദീര്‍ഘകാലം സഹപ്രവര്‍ത്തകരായിരുന്നവരും വിചാരണക്കിടെ കൂറുമാറിയത് അതിജീവിതയെ സംബന്ധിച്ച് ഞെട്ടിക്കുന്നതായിരുന്നു. എന്നാല്‍ കേസിലെ സാക്ഷിയായ മുകേഷ് എംഎല്‍എ തന്റെ വാദത്തില്‍ ഉറച്ചുനിന്നു.

കേസിലെ 46-ാം സാക്ഷിയായ മുകേഷിന്റെ മുന്‍ ഡ്രൈവറാണ് പള്‍സര്‍ സുനി. പള്‍സര്‍ സുനി പ്രശ്നക്കാരനെന്ന് കണ്ടെത്തിയാണ് ജോലിയില്‍ നിന്ന് ഒഴിവാക്കിയെന്നാണ് മുകേഷ് മൊഴി നല്‍കിയിട്ടുള്ളത്. ഈ വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് മുകേഷ്.

കഴിഞ്ഞ എട്ടുവര്‍ഷമായി കേരളത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട നടിയെ ആക്രമിച്ച കേസിന്റെ വിധി ഡിസംബര്‍ എട്ടിന് വരാനിരിക്കുകയാണ്. വിചാരണക്കാലത്ത് നിരവധി നാടകീയ സംഭവങ്ങളാണ് കേസുമായി ബന്ധപ്പെട്ടുണ്ടായത്.

കേസില്‍ 28 സാക്ഷികളാണ് വിചാരണക്കിടെ മൊഴിമാറ്റിയത്. കേസില്‍ നടന്‍ ദിലീപ് 85 ദിവസം ജയിലില്‍ കിടന്നതോടെ ചലച്ചിത്രമേഖലയെ പിടിച്ചുലച്ചു. നിരവധി പ്രതിസന്ധികളെ മറികടന്നാണ് ഡിസംബര്‍ എട്ടിന് കോടതി വിധി പറയുന്നത്.

ഇത്രയേറെ സാക്ഷികളുടെ കൂറുമാറ്റത്തിനിടയിലും നടിയെ തട്ടിക്കൊണ്ടുപോകലിലും ലൈംഗികാതിക്രമത്തിനും പിന്നില്‍ ദിലീപാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്.
കേസില്‍ സിനിമാ താരങ്ങളായ സിദ്ദീഖ്, ഭാമ, സായികുമാര്‍, ബിന്ദു പണിക്കര്‍, ഇടവേള ബാബു എന്നിവരും കൂറുമായിരുന്നു.

അതിജീവിത ദിലീപിനെതിരെ പരാതി പറഞ്ഞിരുന്നുവെന്നായിരുന്നു താരങ്ങളുടെ ആദ്യമൊഴി.എന്നാല്‍ ഇവര്‍ പിന്നീട് കോടതിയില്‍ മൊഴി മാറ്റി പറഞ്ഞു. കേസില്‍ സിനിമാതാരങ്ങളല്ലാത്ത ചില സാക്ഷികളും കൂറുമാറിയിരുന്നു.

ദിലീപിന്റെ ആശുപത്രി പ്രവേശന രേഖകള്‍ വ്യാജമായി നിര്‍മ്മിച്ചതായി ആരോപിക്കപ്പെടുന്ന ഡോക്ടര്‍മാര്‍ മുതല്‍, പള്‍സര്‍ സുനിയെ നടനുമായി അടുപ്പിച്ചതായി മുമ്പ് വെളിപ്പെടുത്തിയ ഹോട്ടല്‍ ജീവനക്കാര്‍ വരെയുള്ള നിര്‍ണായക സാക്ഷികള്‍ ഇവരില്‍ ഉള്‍പ്പെടുന്നു. ദിലീപിന്റെ സുഹൃത്തുക്കളായ നാദിര്‍ഷ, ബൈജു, സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവായ സൂരജ്, ഡ്രൈവര്‍ അപ്പുണ്ണി, ഗാര്‍ഡ് ദാസന്‍ എന്നിവരും കൂറുമാറി.

Leave a Reply

Your email address will not be published. Required fields are marked *