നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വന്നതിന് പിന്നാലെ ആദ്യ പ്രതികരണവുമായി നടൻ ദിലീപ്. യഥാർത്ഥത്തിൽ തനിക്കെതിരെ നടന്ന ഗൂഢാലചനയായിരുന്നു കേസ് എന്ന് ദിലീപ് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ഒത്തുചേർന്ന സിനിമ കൂട്ടായ്മയിൽ മുൻ ഭാര്യ മഞ്ജു വാര്യർ നടത്തിയ പ്രസംഗത്തോടെയാണ് താൻ ഈ കേസിൽ പ്രതിയാകുന്നതെന്നും ദിലീപ് പ്രതികരിച്ചു.
ദിലീപിൻ്റെ വാക്കുകളിങ്ങനെനന്ദി പറയുന്നു, ഈ കേസിൽ ക്രിമിനൽ ഗൂഢാലോചന ഉണ്ട്, ആ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കണമെന്ന് മഞ്ജു പറഞ്ഞിടത്ത് നിന്നാണ് എനിക്കെതിരെയുള്ള ഗൂഢാലോചന ആരംഭിച്ചത്.
അതിന് അന്നത്തെ ഉയർന്ന ഒരു മേലുദ്യോഗസ്ഥയും അവർ തെരഞ്ഞെടുത്ത ഒരു സംഘം ക്രിമിനൽ പോലീസുകാരും ചേർന്നാണ് ഈ കേസ് ഉണ്ടാക്കിയെടുത്തത്.അതിനായിട്ട് ഈ കേസിലെ മുഖ്യ പ്രതിയേയും അയാളുടെ ജയിലിൽ ഉണ്ടായിരുന്ന കൂട്ടുപ്രതികളെയും കൂട്ടുപിടിച്ചിട്ട് ഈ പോലീസ് സംഘം ഒരു കള്ളക്കഥ മെനഞ്ഞെടുക്കുകയാണ് ചെയ്തത്. എന്നിട്ട് ഈ പോലീസ് സംഘം ചില മാധ്യമങ്ങളെയും അവർക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന ചില മാധ്യമ പ്രവർത്തകരേയും കൂട്ടുപിടിച്ച് ഈ കള്ളക്കഥ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
ഇന്ന് കോടതിയിൽ ഈ പോലീസ് സംഘം ഉണ്ടാക്കിയ കള്ളക്കഥ തകരുകയാണ് ചെയ്തത്. എന്നെ പ്രതിയാക്കാനാണ് ഈ കേസിൽ ഗൂഢാലോചന നടന്നത്. സമൂഹത്തിൽ എന്റെ കരിയർ, ഇമേജ്, ജീവിതം നശിപ്പിക്കാൻ വേണ്ടി ചെയ്തതാണ്. എനിക്കൊപ്പം ഉറച്ച് നിന്ന കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും എനിക്ക് വേണ്ടി നിന്ന സകല ജനങ്ങളോളും നന്ദി പറയുകയാണ്.
കോടിക്കണക്കിന് ആൾക്കാർ എനിക്ക് വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട്. അവരോടൊക്കെ ഞാൻ ആത്മാർത്ഥമായിട്ടുള്ള നന്ദി പറയുകയാണ്’, ദിലീപ് പറഞ്ഞു.
