കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിധി ചോര്‍ന്നതായി കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് യശ്വന്ത് ഷേണായി.
വിധിയിലെ വിവരങ്ങള്‍ അടങ്ങുന്ന ഒരു ഊമക്കത്ത് നേരത്തെ ലഭിച്ചിരുന്നതായാണ് ആരോപണം. ഇതുസംബന്ധിച്ച് യശ്വന്ത് ഷേണായി ചീഫ് ജസ്റ്റിസിന് പരാതി നല്‍കി.
കത്തിന്റെ പകര്‍പ്പ് ഉള്‍പ്പെടെ കൈമാറിയിട്ടുണ്ട്.വിധിയിലെ വിവരങ്ങള്‍ എങ്ങനെ ചോര്‍ന്നുവെന്നതില്‍ അന്വേഷണം വേണമെന്നാണ് യശ്വന്ത് ഷേണായിയുടെ ആവശ്യം. ഡിസംബര്‍ രണ്ടിന്, ദിലീപിനെ വെറുതെ വിടുമെന്ന സന്ദേശം തനിക്ക് ലഭിച്ചതായാണ് പരാതിയില്‍ പറയുന്നത്. ഇന്ത്യന്‍ പൗരന്‍ എന്ന പേരിലെഴുതിയ ഊമക്കത്താണ് ലഭിച്ചത്.
ഒന്നാംപ്രതി പള്‍സര്‍ സുനി അടക്കം ആറുപേര്‍ കുറ്റക്കാരെന്നാണ് വിധിയില്‍ പ്രസ്താവിക്കുന്നതെന്നും കത്തില്‍ പറഞ്ഞിരുന്നു. വിചാരണക്കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് സുഹൃത്തായ ഷേര്‍ളിയെക്കൊണ്ട് വിധി തയ്യാറാക്കിയെന്നും ദിലീപിന്റെ സുഹൃത്തും കേസിലെ പ്രതിയുമായ ശരത്തിനെ കാണിച്ച് കച്ചവടം ഉറപ്പിച്ചുവെന്നും കത്തില്‍ പറയുന്നുണ്ട്.
ഹണി വര്‍ഗീസിന് കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരായ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍, എറണാകുളം ജില്ലയുടെ ചുമതലയുള്ള ജസ്റ്റിസ് രാജ വിജയരാഘവന്‍ എന്നിവരുടെ അനുഗ്രഹം എല്ലാ കാര്യത്തിലുമുണ്ട്.അതിനാലാണ് ഇത്തരത്തില്‍ നീതിക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് ഹണി വര്‍ഗീസിനെ പ്രേരിപ്പിക്കുന്നത്.
ഈ കാര്യം സമൂഹ മനസാക്ഷിയുടെ മുമ്പില്‍ കൊണ്ടുവരുന്നതിന് വേണ്ടിയാണ് ഈ കത്ത് അയക്കുന്നതെന്നാണ് സന്ദേശം.അതിനാലാണ് ഇത്തരത്തില്‍ നീതിക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് ഹണി വര്‍ഗീസിനെ പ്രേരിപ്പിക്കുന്നത്. ഈ കാര്യം സമൂഹ മനസാക്ഷിയുടെ മുമ്പില്‍ കൊണ്ടുവരുന്നതിന് വേണ്ടിയാണ് ഈ കത്ത് അയക്കുന്നതെന്നാണ് സന്ദേശം.
കത്തിലെ ആരോപണങ്ങള്‍ വിജിലന്‍സോ മറ്റേതെങ്കിലും ഏജന്‍സിയോ അന്വേഷിക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഊമക്കത്തിലെ ഉള്ളടക്കം വിധിയുടെ രഹസ്യാത്മകതയും ജുഡീഷ്യറിയുടെ സല്‍പ്പേരും അഖണ്ഡതയും അടക്കം തകര്‍ക്കുന്നതാണെന്നും യശ്വന്ത് ഷേണായി ചൂണ്ടിക്കാട്ടി.
ഡിസംബര്‍ എട്ടിനാണ് നടിയെ ആക്രമിച്ച കേസില്‍ വിധി വന്നത്. എന്നാല്‍ ഡിസംബര്‍ എട്ടിന് വിധി പറയുന്ന കേസില്‍ ഏഴാം പ്രതി ചാര്‍ളി തോമസ്, എട്ടാം പ്രതി ദിലീപ്, ഒമ്പതാം പ്രതി സനില്‍ കുമാര്‍ എന്നിവരെ വെറുതെ വിടുമെന്ന് ഊമക്കത്തില്‍ വ്യക്തമാക്കിയിരുന്നുവെന്നാണ് അഭിഭാഷകന്‍ പറയുന്നത്.
ഗൂഢാലോചന കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് അടക്കമുള്ളവരെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത്.
ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ ക്രിമിനല്‍ ഗൂഢാലോചന, അന്യായതടങ്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ആക്രമണം, കൂട്ടബലാത്സംഗം, തെളിവുനശിപ്പിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, പ്രേരണാക്കുറ്റം, ഐ.ടി നിയമപ്രകാരം സ്വകാര്യ ചിത്രമോ-ദൃശ്യമോ പകര്‍ത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യല്‍, പൊതു ഉദ്ദേശത്തോടെയുള്ള കുറ്റകൃത്യം എന്നീ കുറ്റങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും കോടതി കണ്ടെത്തിയിരുന്നു.
