ദിലീപിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിട്ടയച്ചതുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.ദിലീപിനെ അനുകൂലിക്കുന്ന ഒരു പക്ഷവും അതിജീവിതയ്ക്കൊപ്പമുള്ള മറുപക്ഷവുമായുള്ള സൈബർ ഏറ്റുമുട്ടലാണ് നടക്കുന്നത്.
എന്നാൽ പ്രതിയായിരുന്ന ദിലീപ് കോടതി മുറിയിലേയ്ക്ക് കടന്ന് വന്നപ്പോൾ വിധി പറയേണ്ട ജഡ്ജി എഴുന്നേറ്റു നിന്നു എന്ന തരത്തിലുള്ള പോസ്റ്റുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽവ്യാപകമായി പ്രചരിക്കുന്നത്.
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട വിധിക്ക് ശേഷം വന്ന വാർത്താ റിപ്പോർട്ടുകൾ പരിശോധിച്ചെങ്കിലും ദിലീപ് കോടതി മുറിയിൽ പ്രവേശിച്ചപ്പോൾ ജഡ്ജി എഴുന്നേറ്റ് നിന്നെന്ന തരത്തിലുള്ള വാർത്തകളൊന്നും തന്നെയില്ലെന്ന് വ്യക്തമായി.
ഇക്കാര്യം സ്ഥിരീകരിക്കാനായി കേസിൽ കോടതി വിധിന്യായം പുറപ്പെടുവിച്ച സമയം മുഴുവനും കോടതിക്കുള്ളിലുണ്ടായിരുന്ന ഞങ്ങളുടെ റിപ്പോർട്ടർ കെ.എൻ.അശോകുമായി ഞങ്ങൾ സംസാരിച്ചു.
“പ്രതി കടന്നു വന്നപ്പോൾ വിധി പറയേണ്ട ജഡ്ജി എഴുന്നേറ്റ് നിന്നു വണങ്ങിയെന്ന തരത്തിൽ പ്രചരിക്കുന്ന പോസ്റ്റുകളെല്ലാം വ്യാജമാണ്. 10.45ഓടെ തന്നെ ദിലീപടക്കമുള്ളവർ കോടതി മുറിക്കുള്ളിൽ എത്തിയിരുന്നു.
പിന്നീട് 11 മണിക്കാണ് ജഡ്‌ജി കോടതിയിലെത്തിയത്. “. അദ്ദേഹം പറഞ്ഞു. ദിലീപ് കോടതി മുറിയിൽ പ്രവേശിച്ചപ്പോൾ ജഡ്ജി എഴുന്നേറ്റ് നിന്നെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്ന് ഇതിൽ നിന്ന് തന്നെ വ്യക്തമാണ്.
