നടിയെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന ഉണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ജു വാര്യര്‍ ആണ്. ഇന്ന് കുറ്റവിമുക്തനാക്കപ്പെട്ടപ്പോള്‍ ദിലീപ് നേരിട്ട് കടന്നാക്രമിച്ചതും മഞ്ജുവിനെ തന്നെ. കേസിലെ സുപ്രധാന സാക്ഷി കൂടിയായ മഞ്ജു ഒരിക്കലും പരസ്യമായി ദിലീപിനെതിരെ ഒരു കാര്യവും സംസാരിച്ചിട്ടില്ല.

തങ്ങളുടെ വിവാഹ മോചനം സംബന്ധിച്ചോ കാവ്യയുമായുളള ദിലീപിന്റെ പുനര്‍ വിവാഹം സംബന്ധിച്ചോ നടിയെ ആക്രമിച്ച കേസിലെ ദിലീപിന്റെ പങ്കിനെ കുറിച്ചോ ഒരു കാര്യവും മഞ്ജു ഇതുവരെ പറയാന്‍ തയ്യാറായിട്ടില്ല. കാവ്യാ മാധവനുമായി ദിലീപിന് ഉണ്ടായിരുന്ന ബന്ധമാണ് വിവാഹ മോചനത്തിലേക്ക് നയിച്ചതെന്നും ഇതാണ് നടിയെ ആക്രമിച്ച സംഭവത്തിലേക്ക് നയിച്ചത് എന്നുമാണ് പ്രോസിക്യൂഷന്‍ വാദം.

ദിലീപ്-കാവ്യ ചാറ്റ് ഫോണില്‍ കണ്ടതും ഇതേക്കുറിച്ച് അതിജീവിതയോട് സംസാരിച്ചതുമെല്ലാം മഞ്ജു മൊഴി നല്‍കിയിട്ടുണ്ട്. ഈ ബന്ധത്തെക്കുറിച്ച് തന്നോട് പറഞ്ഞത് അതിജീവിതയാണെന്ന് ദിലീപ് സംശയിച്ചിരുന്നതായും മഞ്ജുവിന്റെ മൊഴിയില്‍ ഉണ്ട്.

എന്നാല്‍ 2017ല്‍നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ വിവാഹ മോചനത്തിനുളള കാരണം അടക്കമുളള കാര്യങ്ങള്‍ ദിലീപ് തുറന്ന് പറഞ്ഞിട്ടുണ്ട്.കാവ്യാ മാധവനല്ല താനും മഞ്ജുവും തമ്മിലുളള വിവാഹം തകരാനുളള കാരണമെന്ന് ദിലീപ് പറഞ്ഞു.

” എന്നാല്‍ കാവ്യയാണ് കാരണമെന്ന് ചിലര്‍ ജനത്തിന് മുന്നില്‍ ധരിപ്പിച്ച് വെച്ചിരിക്കുകയാണ്. താനും മഞ്ജുവും തമ്മില്‍ ഭാര്യാ ഭര്‍തൃബന്ധത്തിന് അപ്പുറമുളള സൗഹൃദം ഉണ്ടായിരുന്നു. സന്തോഷകരമായ ജീവിതം ആയിരുന്നു തന്റേത്. വിവാഹ മോചനം ആവശ്യപ്പെട്ട് താന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തന്റെ കുടുംബ ചരിത്രമാണ്.

അതില്‍ പ്രതികളും സാക്ഷികളും തെളിവുകളും ഉണ്ട്. സമൂഹത്തില്‍ നല്ല പേരുളള പ്രമുഖരുടെ പേരുകളും ഉണ്ട്. അവരുടെയൊക്കെ യഥാര്‍ത്ഥ മുഖം പുറത്ത് വരാതിരിക്കാന്‍ വേണ്ടിയാണ് വിവാഹ മോചനത്തിന് രഹസ്യ വിചാരണ ആവശ്യപ്പെട്ടത്. മകളെ കുറിച്ച് ഓര്‍ത്തിട്ടാണ് അതേക്കുറിച്ച് മിണ്ടാതിരിക്കുന്നത്”. മഞ്ജുവിനെ പലരും തെറ്റിദ്ധരിപ്പിക്കുന്നുണ്ട് എന്നും ദിലീപ് അന്ന് പറഞ്ഞു.

മഞ്ജുവുമായുളള വിവാഹ മോചനത്തിന് ശേഷം കാവ്യയെ വിവാഹം കഴിക്കുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും ദിലീപ് പറയുന്നു. ”ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തിന് നിര്‍ബന്ധിച്ചത്. മകളോട് ആണ് കാവ്യയുടെ കാര്യം ആദ്യം സംസാരിച്ചത്.

എന്നാല്‍ കാവ്യയുടെ കുടുംബത്തിന് ഈ വിവാഹത്തോട് താല്‍പര്യം ഇല്ലായിരുന്നു. താന്‍ അവരോട് സംസാരിച്ച് സമ്മതം വാങ്ങുകയായിരുന്നു” എന്നും ദിലീപ് പറയുകയുണ്ടായി. 2015ലാണ് ദിലീപും മഞ്ജു വാര്യരും വിവാഹ മോചിതരാകുന്നത്. തൊട്ടടുത്ത വർഷം 2016ൽ വളരെ സ്വകാര്യമായ ചടങ്ങിൽവെച്ച് ദിലീപ് കാവ്യാ മാധവനെ വിവാഹം കഴിച്ചു.

Leave a Reply

Your email address will not be published. Required fields are marked *