തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിർണായക മൊഴി നൽകി പ്രവാസി വ്യവസായി. ശബരിമലയിലെ സ്വർണ ഉരുപ്പടികൾ വിറ്റുവെന്നും അതിന് പിന്നിൽ ഉണ്ണികൃഷ്ണൻ പോറ്റിയും ഡി മണിയുമാണെന്നാണ് മൊഴി.
ഇടപാട് നടന്നത് തിരുവനന്തപുരത്ത് വെച്ചെന്നും ദിണ്ടിഗലിലെ വീട്ടിൽ വെച്ചുതന്നെ ചർച്ചകൾ നടന്നുവെന്നും വ്യവസായി മൊഴി നൽകി.എസ്ഐടി ചോദ്യം ചെയ്തയാൾ തന്നെയാണ് ഡി മണി എന്നതിൽ വ്യവസായി ഉറച്ചുനിൽക്കുകയാണ്. ലോഹക്കച്ചവടക്കാർക്കിടയില്‍ ദാവൂദ് മണിയെന്നാണ് ഇയാൾ അറിയപ്പെടുന്നത്.
ഡി മണിയും പോറ്റിയും തമ്മില്‍ സ്വര്‍ണ ഉരുപ്പടികളുടെ ഇടപാട് നടന്നു. അത് ശബരിമലയിലെ സ്വർണ ഉരുപ്പടികളാണ് എന്നും വ്യവസായി മൊഴി നൽകി. ഇടപാടിനായി ആദ്യം സമീപിച്ചത് തന്നെയാണ്. എന്നാൽ വിലപേശലിലെ തർക്കം കാരണം താൻ പിന്മാറി. ഇവ വിദേശത്തേക്ക് കടത്തിയെന്ന് സംശയമുണ്ടെന്നും വ്യവസായി മൊഴി നൽകി.
ഉരുപ്പടികൾ തനിക്ക് കൈമാറിയത് പോറ്റിയാണെന്ന് മണി തന്നോട് പറഞ്ഞതായും വ്യവസായി വെളിപ്പെടുത്തി. അപ്പോഴാണ് പോറ്റിയെക്കുറിച്ച് അറിയുന്നത്. ദിണ്ടിഗലിലെ വീട്ടിൽവെച്ചാണ് ഇത് സംബന്ധിച്ച് ചർച്ചകൾ നടന്നത്. തിരുവനന്തപുരത്തെ ഉരുപ്പടിക്കൈമാറ്റത്തിന് താൻ സാക്ഷിയെന്നും വ്യവസായി മൊഴി നൽകിയിട്ടുണ്ട്.
വ്യവസായിയുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തുംഅതേസമയം, കേസുമായി തനിക്ക് ബന്ധമില്ലെന്ന് ആവർത്തിക്കുകയാണ് എസ്ഐടി ചോദ്യം ചെയ്ത ഡി മണി. താന്‍ നിരപരാധിയാണെന്നും വേട്ടയാടരുതെന്നും ഡി മണി കഴിഞ്ഞ ദിവസം കരഞ്ഞുപറഞ്ഞു.
മണിയുടെ സംഘാഗമെന്ന് സംശയിക്കുന്ന ശ്രീകൃഷ്ണനെ അറിയില്ലെന്നും പറയാന്‍ ഉള്ളതെല്ലാം എസ്‌ഐടിയോട് പറഞ്ഞെന്നും ഡി മണിപ്രതികരിച്ചിരുന്നു.
