ധാക്ക: ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) അധ്യക്ഷയുമായ ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസായിരുന്നു.
ദീര്‍ഘകാലമായി അസുഖബാധിതയായിരുന്നു. ധാക്കയിലെ എവര്‍കേയര്‍ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. ബിഎന്‍പി തന്നെയാണ് മരണവിവരം അറിയിച്ചത്.
ശ്വാസകോശത്തിലും ഹൃദയത്തിലുമുണ്ടായ അണുബാധയെ തുടര്‍ന്ന് കഴിഞ്ഞ 36 ദിവസമായി ചികിത്സയിലായിരുന്നു. ഖാലിദ സിയയ്ക്ക് ന്യുമോണിയയും ബാധിച്ചിരുന്നു.
നിരവധി രോഗങ്ങള്‍ ഖാലിദ സിയയെ പിടികൂടിയിരുന്നു. ലിവര്‍ സിറോസിസ്, ആര്‍ത്രൈറ്റിസ്, പ്രമേഹം എന്നീ രോഗങ്ങളും കിഡ്‌നി, ശ്വാസകോശങ്ങള്‍, ഹൃദയം, കണ്ണ് എന്നിവയെ ബാധിക്കുന്ന രോഗങ്ങളും ഖാലിദ സിയയ്ക്ക് പിടിപ്പെട്ടിരുന്നു.
ഈ മാസം ആദ്യം വിദേശത്തേക്ക് ചികിത്സയ്ക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നെങ്കിലും ഖാലിദ സിയയുടെ മോശം സ്ഥിതി മൂലം കൊണ്ടുപോകാന്‍ സാധിച്ചിരുന്നില്ല.
ഷെയ്ഖ് ഹസീനയുടെ പ്രധാന എതിരാളിയാണ് ഖാലിദ സിയ. ബംഗ്ലാദേശ് മുന്‍ പ്രസിഡന്റ് സിയാ ഉര്‍ റഹ്‌മാന്റെ ഭാര്യയായിരുന്നു.
