തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ(എസ്‌ഐടി) നിർണായകനീക്കം. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്‌ഐടി സംഘം മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മൊഴിയെടുത്തു.

കഴിഞ്ഞ ശനിയാഴ്ചയാണ് കടകംപള്ളി സുരേന്ദ്രനെ നേരിട്ടുകണ്ട് എസ്‌ഐടി മൊഴി രേഖപ്പെടുത്തിയതെന്നാണ് വിവരം. കടകംപള്ളിക്ക് പുറമേ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിൽനിന്നും എസ്‌ഐടി മൊഴിയെടുത്തിട്ടുണ്ട്.

തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴിയനുസരിച്ചാണ് അന്വേഷണസംഘം കടകംപള്ളിയുടെയും മൊഴി രേഖപ്പെടുത്തിയതെന്നാണ് വിവരങ്ങൾ. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പ് കാരണമാണ് കടകംപള്ളിയുടെ മൊഴിയെടുക്കൽ ഇത്രയും വൈകിയതെന്നും ആക്ഷേപമുണ്ട്.സ്വർണക്കൊള്ളയിലെ പ്രധാനപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ കടകംപള്ളിക്ക് പരിചയമുണ്ടായിരുന്നതായാണ് പത്മകുമാർ നേരത്തേ നൽകിയ മൊഴിയെന്നാണ് സൂചന.

ഇരുവരും തമ്മിൽ സൗഹൃദമുണ്ടായിരുന്നതായും പത്മകുമാർ മൊഴി നൽകിയതായും വിവരമുണ്ട്. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് എസ്‌ഐടി കടകംപള്ളിയെ നേരിട്ടുകണ്ട് മൊഴിയെടുത്തതെന്നും പറയുന്നു.

ശബരിമല സ്വർണക്കൊള്ളയിൽ നേരത്തേ പ്രതിപക്ഷം ഉൾപ്പെടെ കടകംപള്ളി സുരേന്ദ്രനെതിരേ ആരോപണമുന്നയിച്ചിരുന്നു. സ്വർണക്കൊള്ളയിൽ മുൻ ദേവസ്വം മന്ത്രിക്കും പങ്കുണ്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *