ആലപ്പുഴ: എ.ബി.വി.പി. ചെങ്ങന്നൂർ നഗർ സമിതി അംഗമായിരുന്ന ആറന്മുള കോട്ട ശ്രീശൈലം വീട്ടിൽ വിശാലിനെ (19) കൊലപ്പെടുത്തിയ കേസിൽ കാമ്പസ് ഫ്രണ്ട് പ്രവർത്തകരായ എല്ലാ പ്രതികളേയും വെറുതേവിട്ടു. 20 പ്രതികളാണുണ്ടായിരുന്നത്.
മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. മുഴുവൻ പ്രതികളെയും വെറുതേവിട്ടു എന്ന ഒറ്റവരിയിലാണ് കോടതി വിധി പ്രസ്താവിച്ചത്.
ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ വിധിപ്പകർപ്പ് പുറത്തുവന്നാലേ വ്യക്തമാവുകയുള്ളൂ. വിധി തിരിച്ചടിയായതിനു പിന്നാലെ മേൽക്കോടതിയിൽ അപ്പീൽ പോകുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
2012 ജൂലായ് 16-ന് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ ബിരുദ വിദ്യാർഥികളെ സ്വാഗതം ചെയ്യാൻ ഒരുക്കിയ പരിപാടിയിൽ പങ്കെടുക്കാനെത്തിയ വിശാലിനെ മുൻകൂട്ടി തീരുമാനിച്ചപ്രകാരം സ്ഥലത്ത് എത്തിയ കാമ്പസ് ഫ്രണ്ട് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷൻ കേസ്.
ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസിൽ പ്രതികളുടെ അറസ്റ്റു വൈകിയതിനെത്തുടർന്ന് ക്രൈംബ്രാഞ്ചാണ് അന്വേഷണം പൂർത്തിയാക്കിയത്.
പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 20 പേർക്കെതിരേയാണ് കുറ്റപത്രം സമർപ്പിച്ചിരുന്നത്.
