വനിതാ പ്രീമിയർ ലീഗ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവിന് (RCB) കനത്ത തിരിച്ചടി. ഓസ്ട്രേലിയൻ സൂപ്പർ താരം എല്ലിസ് പെറി വ്യക്തിപരമായ കാരണങ്ങളാൽ ടൂർണമെന്റിൽ നിന്ന് പിന്മാറി. 2024-ൽ ആർസിബിയെ ഡബ്ല്യുപിഎൽ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച താരമാണ് പെറി.
എല്ലിസ് പെറിക്ക് പകരക്കാരിയായി ഇന്ത്യൻ താരം സയാലി സത്ഗാരെയെ 30 ലക്ഷം രൂപയ്ക്കാണ് ആർസിബി ടീമിലെത്തിച്ചത്. വനിതാ പ്രീമിയർ ലീഗിൽ ഇതുവരെ 972 റൺസും 14 വിക്കറ്റുകളും നേടിയിട്ടുള്ള പെറിയുടെ അഭാവം ടീമിന് വലിയ നഷ്ടമാണ്.
എന്നിരുന്നാലും, പുതിയ താരത്തിന്റെ വരവിലൂടെ ഈ വിടവ് നികത്താമെന്ന പ്രതീക്ഷയിലാണ് ബാംഗ്ലൂർ ടീം.വനിതാ പ്രീമിയർ ലീഗിൽ (WPL) ഓസ്ട്രേലിയൻ താരം എല്ലിസ് പെറിക്ക് പുറമെ മറ്റ് ചില പ്രമുഖ താരങ്ങളും പിന്മാറി. ഡൽഹി ക്യാപിറ്റൽസിന് വേണ്ടി കളിക്കുന്ന ഓസീസ് യുവതാരം അന്നബെൽ സതർലൻഡും വ്യക്തിപരമായ കാരണങ്ങളാൽ ടൂർണമെന്റിൽ പങ്കെടുക്കില്ല.
സതർലൻഡിന് പകരമായി ഓസീസ് സ്പിന്നറായ അലാന കിംഗിനെ ഡൽഹി ടീമിലെത്തിച്ചു. കൂടാതെ, യുപി വാരിയേഴ്സിന്റെ പേസർ താരാ നോറിസും പിന്മാറിയതിനെത്തുടർന്ന് ചാർലി നോട്ടിനെയാണ് യുപി തട്ടകത്തിലെത്തിച്ചത്.
