ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിലേക്ക് പേസർ മുഹമ്മദ് ഷമിയുടെ തിരിച്ചുവരവിന് വഴിയൊരുങ്ങുന്നു. 2027-ലെ ഏകദിന ലോകകപ്പ് കൂടി ലക്ഷ്യമിട്ട് ബിസിസിഐ ഷമിയുടെ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനങ്ങൾ സൂക്ഷ്മമായി വിലയിരുത്തുകയാണ്.
ഷമിയുടെ തിരിച്ചുവരവ് അധികം വൈകാതെ സംഭവിക്കുമെന്ന സൂചനയാണ് ബിസിസിഐ ഉദ്യോഗസ്ഥർ നൽകുന്നത്.മുഹമ്മദ് ഷമിയുടെ പ്രകടനം ബിസിസിഐയുടെ സജീവ പരിഗണനയിലുണ്ടെന്നും ഫിറ്റ്‌നസ് മാത്രമാണ് നിലവിലെ ആശങ്കയെന്നും ബിസിസിഐ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
2025 മാർച്ചിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിലാണ് മുഹമ്മദ് ഷമി അവസാനമായി ഇന്ത്യൻ ജേഴ്സി അണിഞ്ഞത്. ആ ടൂർണമെന്റിൽ ഒൻപത് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനമാണ് താരം നടത്തിയത്. ടെസ്റ്റ് ക്രിക്കറ്റിലാകട്ടെ, 2023 ജൂണിൽ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലാണ് ഷമി ഒടുവിലായി കളത്തിലിറങ്ങിയത്. ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം ഷമിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ.
പരിക്കിൽ നിന്ന് മോചിതനായി താൻ ഫിറ്റ്‌നസ് വീണ്ടെടുത്തുവെന്ന് ഷമി പലതവണ അറിയിച്ചിട്ടും ബിസിസിഐ താരത്തെ ദേശീയ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. എന്നാൽ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങൾ അദ്ദേഹത്തിന് വീണ്ടും അവസരം നൽകിയേക്കും.
ബംഗാളിനായി വിജയ് ഹസാരെ ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലുമായി ആറ് മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റുകളും, കഴിഞ്ഞ രഞ്ജി ട്രോഫിയിൽ നാല് മത്സരങ്ങളിൽ നിന്ന് 20 വിക്കറ്റുകളും താരം വീഴ്ത്തിയിരുന്നു.
