ബിഹാറിൽ മഹാസഖ്യത്തിനുള്ളിലെ തർക്കം രൂക്ഷമാകുന്നു. ആർജെഡിയുമായുള്ള ബന്ധം പുനഃപരിശോധിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഷക്കീൽ അഹമ്മദ് ഖാൻ ആവശ്യപ്പെട്ടതാണ് പുതിയ വാക്പോരിന് കാരണമായത്. ആർജെഡിയുമായുള്ള മഹാസഖ്യം ദീർഘകാലാടിസ്ഥാനത്തിൽ കോൺഗ്രസിന് ഗുണകരമല്ലെന്ന് മുതിർന്ന നേതാവ് ഷക്കീൽ അഹമ്മദ് ഖാൻ വ്യക്തമാക്കി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യം വഴി പാർട്ടിക്കോ സംഘടനയ്ക്കോ യാതൊരു നേട്ടവും ഉണ്ടായില്ലെന്നും മറിച്ച് നഷ്ടം മാത്രമാണ് സംഭവിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിലവിൽ സീറ്റുകളുടെ എണ്ണമോ വോട്ടർമാരുടെ പിന്തുണയോ വർധിക്കാത്ത സാഹചര്യത്തിൽ, കോൺഗ്രസ് സ്വന്തം വഴി കണ്ടെത്തണമെന്നും ഇതിനായി ദേശീയ നേതൃത്വം സംസ്ഥാന ഘടകത്തിന്റെ അഭിപ്രായം കേൾക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
