വിനോദ നികുതിക്കെതിരെ സിനിമാ സംഘടനകൾ പ്രഖ്യാപിച്ച സമരം താൽക്കാലികമായി മാറ്റിവെച്ചു. സർക്കാർ ചർച്ചയ്ക്ക് തയ്യാറായ സാഹചര്യത്തിൽ ഈ മാസം ഒൻപതിന് തിരുവനന്തപുരത്ത് വെച്ച് ചർച്ച നടത്താൻ തീരുമാനിച്ചു.

ജിഎസ്ടിക്ക് പുറമെ തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കുന്ന അധിക വിനോദ നികുതി ഒഴിവാക്കണമെന്നാണ് സംഘടനകളുടെ പ്രധാന ആവശ്യം. ചർച്ചയ്ക്ക് ശേഷം തുടർന്നുള്ള സമരപരിപാടികൾ തീരുമാനിക്കുമെന്ന് ഫിലിം ചേംബർ അറിയിച്ചു.

വിനോദ നികുതി ഒഴിവാക്കിയില്ലെങ്കിൽ സർക്കാരുമായി സഹകരിക്കില്ലെന്നും ജനുവരി ഒന്ന് മുതൽ കെ.എസ്.എഫ്.ഡി.സി തിയേറ്ററുകൾക്ക് സിനിമ നൽകില്ലെന്നും ഫിലിം ചേംബർ മുന്നറിയിപ്പ് നൽകിയിരുന്നു.

സർക്കാർ കേവലം ചുങ്കക്കാരനായും സിനിമാക്കാർ കളക്ഷൻ ഏജന്റായും മാറുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും സിനിമാ മേഖലയ്ക്കായി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും ഫിലിം ചേംബർ പ്രസിഡന്റ് അനിൽ തോമസ് ആരോപിച്ചു.

മലയാള സിനിമാ മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കുന്ന 2025-ലെ ലാഭനഷ്ട കണക്കുകൾ ഫിലിം ചേംബർ പുറത്തുവിട്ടു. കഴിഞ്ഞ വർഷം റിലീസ് ചെയ്ത 185 ചിത്രങ്ങളിൽ വെറും പത്തെണ്ണം മാത്രമാണ് മുടക്കുമുതൽ തിരിച്ചുപിടിച്ചത്; 150 സിനിമകളും പരാജയപ്പെട്ടതോടെ ആകെ 530 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

ഈ സാഹചര്യത്തിൽ അധിക നികുതി ഭാരം കൂടി വഹിക്കാൻ കഴിയില്ലെന്നാണ് നിർമ്മാതാക്കളുടെയും ഫിലിം ചേംബറിന്റെയും നിലപാട്. 2025-ൽ പുറത്തിറങ്ങിയ 185 മലയാള ചിത്രങ്ങളിൽ വെറും ഒൻപതെണ്ണം മാത്രമാണ് സൂപ്പർഹിറ്റായത്.

16 സിനിമകൾ ഹിറ്റ് ലിസ്റ്റിൽ ഇടംപിടിച്ചപ്പോൾ, 10 ചിത്രങ്ങൾക്ക് മുടക്കുമുതൽ തിരിച്ചുപിടിക്കാനായി. റീ-റിലീസ് ചെയ്ത എട്ട് സിനിമകളിൽ മൂന്നെണ്ണം മാത്രമാണ് ബോക്സ് ഓഫീസിൽ ചലനമുണ്ടാക്കിയതെന്ന് ഫിലിം ചേംബർ കണക്കുകൾ വ്യക്തമാക്കുന്നു. 

Leave a Reply

Your email address will not be published. Required fields are marked *