ന്യൂസിലൻഡിനെതിരായ മൂന്ന് ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ബിസിസിഐ ചീഫ് സെലക്ടർ അജിത് അഗാക്കറുടെ നേതൃത്വത്തിലാണ് ടീം തിരഞ്ഞെടുപ്പ്.
ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച ടീമിൽ വലിയ മാറ്റങ്ങൾ ഉണ്ടാകില്ലെന്നാണ് സൂചന. ജനുവരി 11-നാണ് പരമ്പര ആരംഭിക്കുന്നത്.പരിക്കിൽ നിന്ന് മോചിതനായ ശുഭ്മാൻ ഗിൽ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലൂടെ നായകസ്ഥാനത്തേക്ക് തിരിച്ചെത്തും. നായകനെന്ന നിലയിൽ ഗില്ലിന്റെ ആദ്യ ഹോം പരമ്പരയാണിത്.
മുതിർന്ന താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്‌ലിയും ടീമിലുണ്ടാകുമെന്നതാണ് ആരാധകർ ഉറ്റുനോക്കുന്ന പ്രധാന കാര്യം.വിക്കറ്റ് കീപ്പർ റിഷഭ് പന്ത്, പേസർമാരായ മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരുടെ ടീമിലേക്കുള്ള തിരിച്ചുവരവിനായി ആരാധകർ കാത്തിരിക്കുകയാണ്.
ആഭ്യന്തര ക്രിക്കറ്റിലെ ഷമിയുടെ മികച്ച പ്രകടനം തിരിച്ചുവരവിന് വഴിയൊരുക്കിയേക്കാം. ട്വന്റി20 ലോകകപ്പ് കണക്കിലെടുത്ത് ജസ്പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ എന്നിവർക്ക് സെലക്ടർമാർ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഇന്ന് മുംബൈയിൽ ചേരുന്ന യോഗത്തിൽ 15 അംഗ ടീമിനെ പ്രഖ്യാപിക്കും.
