വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും അമേരിക്കൻ സൈന്യം പിടികൂടി രാജ്യത്തിനു പുറത്തു കടത്തിയ വാർത്ത പുറത്തു വന്നതിനു പിന്നാലെ മഡുറോയുടെ ഭാര്യ സിലിയ ഫ്ലോറസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തിരയുകയാണ് വെർച്വൽ ലോകം. സാധാരണക്കാരിയായി വളർന്ന് വെനസ്വേലയുടെ അറ്റോർണി ജനറലായി മാറുകയും പിന്നീട് മഡുറോയുടെ ഭാര്യയായി മാറുകയും ചെയ്ത സിലിയ ഫ്ലോറസിനെ ‘ലേഡി മാക്ബത്ത്’ എന്നാണ് ചിലർ വിശേഷിപ്പിക്കുന്നത്.
പക്ഷേതാൻ ഒരു പോരാളിയാണെന്ന് വിശ്വസിക്കാനാണ് സിലിയ ഫ്ലോറസ് എപ്പോഴും താല്പര്യപ്പെടുന്നത്. 1956 ഒക്ടോബർ 15-ന് ടിനാക്വില്ലോയിൽ ജനിച്ച സിലിയ ഫ്ലോറസ് ആറ് സഹോദരങ്ങളിൽ ഇളയവളായിരുന്നു.
മെച്ചപ്പെട്ട ജീവിതം തേടി കുടുംബത്തോടൊപ്പം കാരക്കാസിലേക്ക് മാറിയ അവർ, അവിടെ ഒരു സ്വകാര്യ സർവകലാശാലയിൽ ക്രിമിനൽ നിയമം പഠിക്കാൻ ചേർന്നു.സിലിയ ഫ്ലോറസ് തന്റെ ക്രിമിനൽ നിയമപഠനം പൂർത്തിയാക്കിപഠനകാലത്ത് രാഷ്ട്രീയത്തിൽ താൽപ്പര്യമില്ലാതിരുന്ന സിലിയ പോലീസ് സ്റ്റേഷനിൽ പാർട്ട് ടൈം ജോലി ചെയ്യുകയും പിന്നീട് ഒരു ഡിറ്റക്ടീവിനെ വിവാഹം കഴിക്കുകയും ചെയ്തു.
മൂന്ന് കുട്ടികളുടെ അമ്മയായ അവർ നിയമബിരുദം നേടിയ ശേഷം പ്രതിരോധ അഭിഭാഷകയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.
1989-ലെ കാരക്കാസോ കലാപത്തോടെ രാഷ്ട്രീയത്തിൽ സജീവമായ സിലിയ ഫ്ലോറസ്, ഹ്യൂഗോ ഷാവേസിന്റെ കടുത്ത ആരാധകയായി മാറി. ഷാവേസിനെ പിന്തുണച്ചുകൊണ്ട് കത്തുകളയച്ച അവർ, അദ്ദേഹത്തിൻ്റെ നിയമപോരാട്ടങ്ങളിൽ പങ്കുചേരാനും സന്നദ്ധത അറിയിച്ചു.
സിലിയയുടെ സഹായം സ്വീകരിച്ച ഷാവേസ് അവരെ ഉപദേശകയായി നിയമിക്കുകയും കത്തുകൾക്ക് മറുപടി നൽകാൻ ചുമതലപ്പെടുത്തുകയും ചെയ്തു.
