ആലപ്പുഴ ഹരിപ്പാട് പേടിമാറ്റാനെന്ന പേരിൽ ആനയുടെ അടിയിലൂടെ മാറ്റുന്നതിനിടെ ഏഴ് മാസം പ്രായമുള്ള കുഞ്ഞ് നിലത്തുവീണു. പാപ്പാനെ കൊന്ന ചരിത്രമുള്ള ആനയുടെ തുമ്പിക്കൈക്കടിയിലൂടെ ഒരു പാപ്പാൻ കുഞ്ഞിനെ മറുവശത്തുള്ള ആൾക്ക് കൈമാറുന്നതിനിടെയാണ് അപകടമുണ്ടായത്.
ആനയുടെ കാലുകൾക്കിടയിലൂടെ കുഞ്ഞുമായി കടക്കുന്നതിനിടെ പാപ്പാന്റെ കയ്യിൽ നിന്ന് കുഞ്ഞ് വഴുതി ആനയുടെ കാൽച്ചുവട്ടിലേക്ക് വീണു. പാപ്പാൻ ആനയോട് ചേർന്ന് നിൽക്കുമ്പോഴായിരുന്നു ഈ അപകടം. തലനാരിഴയ്ക്കാണ് വലിയൊരു ദുരന്തത്തിൽ നിന്ന് കുഞ്ഞ് രക്ഷപ്പെട്ടത്.
ഹരിപ്പാട് സ്കന്ദൻ എന്ന ആനയുടെ കാൽച്ചുവട്ടിലാണ് കുഞ്ഞ് വീണത്. പാപ്പാനെ കൊലപ്പെടുത്തിയതിനെ തുടർന്ന് മാറ്റി തളച്ചിരുന്ന ആനയുടെ അടുത്താണ് ഈ സാഹസം നടന്നത്.
