പുനർജനി കേസിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മണപ്പാട്ട് ഫൗണ്ടേഷനും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്ന് ആരോപിക്കുന്ന വിജിലൻസ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നു. പദ്ധതിക്കായി 2018-ൽ ‘പുനർജനി സ്പെഷ്യൽ അക്കൗണ്ട്’ എന്ന പേരിൽ മണപ്പാട്ട് ഫൗണ്ടേഷൻ ബാങ്ക് അക്കൗണ്ട് തുടങ്ങുകയും 2022 വരെ ഇതിലൂടെ പണമിടപാടുകൾ നടത്തുകയും ചെയ്തതായി രേഖകൾ വ്യക്തമാക്കുന്നു.
പുനർജനി പദ്ധതിക്കായി 1,27,33,545 രൂപ പിരിച്ചെടുത്തതായി വിജിലൻസ് കണ്ടെത്തി. ബ്രിട്ടനിലെ മിഡ്‌ലാൻഡ്‌സ് ഇന്റർനാഷണൽ എയ്ഡ് ട്രസ്റ്റും മണപ്പാട്ട് ഫൗണ്ടേഷനും തമ്മിൽ ധാരണാപത്രം (MoU) ഇല്ലാതെയാണ് ഈ തുക കൈമാറിയത്. വി.ഡി. സതീശൻ യുകെ യാത്ര നടത്തിയത് ഒമാൻ എയർവേയ്‌സ് നൽകിയ സൗജന്യ ടിക്കറ്റിലാണെന്നും രേഖകൾ വ്യക്തമാക്കുന്നു.
വി.ഡി. സതീശന്റെ യുകെ യാത്രയ്ക്കുള്ള വിമാന ടിക്കറ്റും യാത്രാച്ചെലവുകളും വഹിച്ചത് മണപ്പാട്ട് ഫൗണ്ടേഷനാണെന്ന് വിജിലൻസ് കണ്ടെത്തി. ഫൗണ്ടേഷൻ ചെയർമാൻ അമീർ അഹമ്മദ് മുഖേനയാണ് സതീശന് സൗജന്യ ടിക്കറ്റ് ലഭ്യമാക്കിയതെന്നും ഇതിന്റെ നികുതി അടച്ചത് ഫൗണ്ടേഷനാണെന്നും റിപ്പോർട്ടിലുണ്ട്.
