ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഡി. മണിക്ക് പ്രത്യേക അന്വേഷണ സംഘം (SIT) ക്ലീൻ ചിറ്റ് നൽകി. കേസിൽ ഇദ്ദേഹത്തിന് പങ്കുള്ളതായി കണ്ടെത്താനായില്ലെന്ന് എസ്.ഐ.ടി ഹൈക്കോടതിയെ അറിയിച്ചു.
ഡി. മണിയെ ചോദ്യം ചെയ്ത എസ്ഐടി, അദ്ദേഹത്തിന് മറ്റ് പ്രതികളുമായോ പ്രവാസിയുമായോ ബന്ധമില്ലെന്ന് കണ്ടെത്തി.രമേശ് ചെന്നിത്തലയുമായി സംസാരിച്ച ഒരു പ്രവാസി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡി. മണിയെ കേസിൽ സംശയിച്ചിരുന്നത്.
എന്നാൽ, ഈ ആരോപണം ശരിവെക്കുന്ന തരത്തിലുള്ള യാതൊരു തെളിവും കണ്ടെത്താൻ കഴിയാത്തതിനാലാണ് എസ്ഐടി അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകിയത്.ദേവസ്വം മുൻ സെക്രട്ടറി എസ്. ജയശ്രീ ചോദ്യം ചെയ്യലിനായി ഈഞ്ചക്കൽ ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരായി.
സുപ്രീം കോടതി അറസ്റ്റ് തടഞ്ഞ സാഹചര്യത്തിലാണ് ജയശ്രീ എസ്ഐടിക്ക് മുന്നിലെത്തിയത്.ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എ. പത്മകുമാർ, സ്വർണ്ണവ്യാപാരി ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. സിംഗിൾ ബെഞ്ചാണ് ഹർജികളിൽ വിധി പറയുക.
