ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവിൽ ഇഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ അദ്ദേഹത്തെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.

സ്വർണ്ണക്കൊള്ളയ്ക്ക് തന്ത്രി കണ്ഠരര് രാജീവർ നേതൃത്വം നൽകിയതായി പ്രത്യേക അന്വേഷണസംഘം (SIT) കണ്ടെത്തി. തന്ത്രിയുടെ പ്രതിനിധിയായി എത്തിയ ഉണ്ണികൃഷ്ണൻ പോറ്റിയുമായി രാജീവർക്ക് അടുത്ത ബന്ധമുണ്ടെന്നും ഇയാൾ നൽകിയ സ്പോൺസർഷിപ്പ് അനുമതികൾ സംശയാസ്പദമാണെന്നും അന്വേഷണത്തിൽ വ്യക്തമായി.

ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്ത്രിയുടെ ഇടപെടൽ സ്ഥിരീകരിച്ചത്.ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം കടത്തിയ വിവരം തന്ത്രി കണ്ഠരര് രാജീവർക്ക് അറിയാമായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഉണ്ണികൃഷ്ണൻ പോറ്റി, പത്മകുമാർ എന്നിവരുടെ മൊഴികളാണ് തന്ത്രിക്ക് കുരുക്കായത്.

സ്വർണ്ണക്കടത്തിലൂടെ ലഭിച്ച ലാഭവിഹിതം തന്ത്രിക്കും ലഭിച്ചതായാണ് സൂചന.ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ. പത്മകുമാറിന്റെ മൊഴി തന്ത്രി കണ്ഠരര് രാജീവർക്ക് തിരിച്ചടിയായി.

ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ തനിക്ക് പരിചയപ്പെടുത്തിയത് തന്ത്രിയാണെന്നും സ്വർണ്ണപ്പാളികൾ ചെന്നൈയിലേക്ക് കൊടുത്തുവിടാൻ തന്ത്രി അനുമതി നൽകിയിരുന്നുവെന്നും പത്മകുമാർ വെളിപ്പെടുത്തി.

തന്ത്രി കൊണ്ടുവന്ന ആളായതിനാലാണ് പോറ്റിയെ വിശ്വസിച്ചതെന്നും തനിക്ക് പോറ്റിയുമായി സാമ്പത്തിക ഇടപാടുകൾ ഇല്ലെന്നും പത്മകുമാർ എസ്.ഐ.ടിക്ക് മൊഴി നൽകി. ഉണ്ണികൃഷ്ണൻ പോറ്റി തന്റെ ആറന്മുളയിലെ വീട്ടിൽ വരാറുണ്ടെന്ന് പത്മകുമാർ മൊഴി നൽകി.

എന്നാൽ, സ്വർണ്ണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയിട്ടില്ലെന്നും അറ്റകുറ്റപ്പണികൾക്ക് മാത്രമാണ് അനുവാദം നൽകിയതെന്നുമാണ് തന്ത്രി കണ്ഠരര് രാജീവരുടെ വാദം. പോറ്റിയെ കീഴ്ശാന്തി എന്ന നിലയിലാണ് ആദ്യം അറിയുന്നതെന്നും സ്പോൺസർ എന്ന നിലയിലുള്ള പരിചയം മാത്രമാണുള്ളതെന്നും തന്ത്രി മൊഴി നൽകി. 

Leave a Reply

Your email address will not be published. Required fields are marked *