ഇറാൻ അധികൃതർ ജനങ്ങളെ കൊല്ലാൻ തുടങ്ങിയാൽ അമേരിക്ക വളരെ ശക്തമായി തിരിച്ചടിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് രാജ്യവ്യാപകമായി പടരുന്ന പ്രതിഷേധങ്ങൾക്കിടയിലാണ്, പ്രക്ഷോഭകർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ട്രംപ് ഈ പ്രസ്താവന നടത്തിയത്.
ഇതിനോടകം തന്നെ നിരവധി പേർ പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ട സാഹചര്യത്തിൽ “അമേരിക്ക സജ്ജമാണെന്നും” (locked and loaded) അദ്ദേഹം ഓർമ്മിപ്പിച്ചു. മരണങ്ങൾ തിക്കിലും തിരക്കിലും പെട്ടാണോ അതോ സുരക്ഷാ സേനയുടെ നടപടി കൊണ്ടാണോ എന്ന് ഉറപ്പില്ലെങ്കിലും, പ്രതിഷേധക്കാരെ കൊലപ്പെടുത്തിയാൽ കടുത്ത നടപടിയുണ്ടാകുമെന്ന് ട്രംപ് ഇറാൻ ഭരണകൂടത്തിന് സൂചന നൽകി.
ഇറാനിലെ സാമ്പത്തിക പ്രതിസന്ധിയിൽ തുടങ്ങിയ പ്രതിഷേധം രാജ്യമെങ്ങും പടരുകയാണ്. സംഘർഷങ്ങളിൽ ഇതുവരെ 45-ഓളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. പ്രതിഷേധം അടിച്ചമർത്തുന്നതിന്റെ ഭാഗമായി ഇറാനിൽ ഇന്റർനെറ്റ് വിച്ഛേദിച്ചതായി നെറ്റ്ബ്ലോക്സ് സ്ഥിരീകരിച്ചു.
