സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡിനെ പിടിച്ചെടുക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള ഭീഷണിയെത്തുടർന്ന് ഡെന്മാർക്കുമായുള്ള നയതന്ത്രബന്ധം അതീവ ഗുരുതരമായി. “ആദ്യം വെടിവെക്കുക, ചോദ്യങ്ങൾ പിന്നീട്” എന്ന 1952-ലെ പ്രതിരോധ ചട്ടം പാലിക്കാൻ ഡാനിഷ് സൈന്യത്തിന് നിർദ്ദേശം ലഭിച്ചതായാണ് വിവരം.
ഗ്രീൻലാൻഡിന് മേൽ ഏതെങ്കിലും തരത്തിലുള്ള അധിനിവേശമുണ്ടായാൽ മേലുദ്യോഗസ്ഥരുടെ ഉത്തരവിനായി കാത്തുനിൽക്കാതെ പ്രത്യാക്രമണം നടത്താൻ ഡാനിഷ് സൈന്യം സജ്ജമായിക്കഴിഞ്ഞു.
അമേരിക്കൻ നീക്കം നാറ്റോ സഖ്യത്തിന്റെ തകർച്ചയ്ക്ക് കാരണമാകുമെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൺ മുന്നറിയിപ്പ് നൽകി.വിദേശ സൈന്യം ഗ്രീൻലാൻഡിലേക്ക് അതിക്രമിച്ചു കയറിയാൽ ഉന്നത നിർദ്ദേശത്തിന് കാത്തുനിൽക്കാതെ വെടിയുതിർക്കാൻ 1952-ലെ ‘റോയൽ ഡിക്രീ’ വഴി ഡാനിഷ് സൈന്യത്തിന് അധികാരം നൽകി.
അമേരിക്കൻ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഈ സൈനിക ഉത്തരവ് നിലവിൽ വന്നത്. നാറ്റോ സഖ്യകക്ഷിയാണെങ്കിലും അമേരിക്കൻ അധിനിവേശമുണ്ടായാൽ വിട്ടുവീഴ്ചയില്ലാതെ പ്രതിരോധിക്കാനാണ് ഡെന്മാർക്കിന്റെ തീരുമാനം.
ആർട്ടിക് മേഖലയിൽ ചൈനയുടെയും റഷ്യയുടെയും സ്വാധീനം തടയാൻ ഗ്രീൻലാൻഡ് നിയന്ത്രണത്തിലാക്കണമെന്നാണ് അമേരിക്കൻ നിലപാട്. എന്നാൽ, ഗ്രീൻലാൻഡിനെ സംരക്ഷിക്കുമെന്നും അമേരിക്കൻ നീക്കം നാറ്റോ സഖ്യത്തിന്റെ തകർച്ചയ്ക്കും യൂറോപ്പിലെ വലിയ യുദ്ധത്തിനും കാരണമാകുമെന്നും ഡെന്മാർക്ക് പ്രതിരോധ സമിതി അധ്യക്ഷൻ റാസ്മസ് ജാർലോവ് മുന്നറിയിപ്പ് നൽകി.
നയതന്ത്രം പരാജയപ്പെട്ടാൽ സൈനിക നീക്കത്തിനും മടിക്കില്ലെന്ന സൂചനയാണ് വൈറ്റ് ഹൗസ് നൽകുന്നത്.ഗ്രീൻലാൻഡിന്റെ പരമാധികാരം സംരക്ഷിക്കാൻ ജർമ്മനിയും ഫ്രാൻസും ബ്രിട്ടനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഡെന്മാർക്കിന് പിന്തുണ പ്രഖ്യാപിച്ചു.
ഒരു നാറ്റോ അംഗരാജ്യം മറ്റൊന്നിനെ ആക്രമിക്കുന്നത് സഖ്യത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്നും ‘ആർട്ടിക്കിൾ 5’ പ്രകാരമുള്ള സംയുക്ത പ്രതിരോധ സംവിധാനം അപ്രസക്തമാകുമെന്നും യൂറോപ്യൻ നേതാക്കൾ മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യം നാറ്റോ സഖ്യത്തെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
