നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ അഭിഭാഷകയ്ക്കെതിരെ വിചാരണക്കോടതിയുടെ രൂക്ഷവിമർശനം. വിചാരണാവേളയിൽ പത്തുദിവസത്തിൽ താഴെ മാത്രം ഹാജരായ ഇവർ, കോടതിയിലെത്തിയാൽ ഉറങ്ങാറാണ് പതിവെന്ന് കോടതി പരിഹസിച്ചു.
കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം.കോടതിയിൽ എത്തുന്ന അരമണിക്കൂർ സമയം അഭിഭാഷക ഉറങ്ങാറാണെന്നും കോടതിയെ ഒരു വിശ്രമകേന്ദ്രമായാണ് അവർ കാണുന്നതെന്നും വിചാരണക്കോടതി വിമർശിച്ചു. കോടതി ഒന്നും കേൾക്കുന്നില്ലെന്ന് പരാതി പറയുന്നവർ കൃത്യമായി വാദങ്ങൾ അവതരിപ്പിക്കാറില്ലെന്നും കോടതി പരിഹസിച്ചു.
വിചാരണക്കോടതിയുടെ വിമർശനങ്ങൾ തള്ളി അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനി രംഗത്തെത്തി. കോടതിയുടെ പരാമർശങ്ങൾ സത്യത്തിന് നിരക്കാത്തതാണെന്നും, തന്നെ ഇല്ലാതാക്കാനും ദിലീപിനെ അനുകൂലിക്കുന്നവർക്ക് ആക്രമിക്കാൻ അവസരമുണ്ടാക്കാനുമാണ് ഇത്തരം നീക്കങ്ങളെന്നും അവർ പറഞ്ഞു. കേസിനോടുള്ള ആത്മാർത്ഥത കാരണമാണ് കോടതിയിൽ ഹാജരാകുന്നതെന്നും ടി.ബി. മിനി വ്യക്തമാക്കി.
