സന്നിധാനം സ്വർണ്ണക്കൊള്ളക്കേസിലെ പ്രതിയും ദേവസ്വം ബോർഡ് മുൻ അംഗവുമായ കെ.പി. ശങ്കർദാസിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതിയിൽ നാടകീയ നീക്കങ്ങൾ. ശങ്കർദാസ് നിലവിൽ ആശുപത്രിയിൽ ബോധരഹിതനായി ചികിത്സയിലാണെന്ന് പ്രതിഭാഗം പത്തനംതിട്ട സെഷൻസ് കോടതിയെ അറിയിച്ചു.

ചികിത്സാ രേഖകളും ചിത്രങ്ങളും കോടതിയിൽ ഹാജരാക്കിയ പ്രതിഭാഗം, അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നും അതിനാൽ ജാമ്യം വേണമെന്നും വാദിച്ചു. കേസ് പരിഗണിക്കുന്നത് ജനുവരി 14-ലേക്ക് മാറ്റി.ശങ്കർദാസിന്റെ അസുഖം അന്വേഷണത്തിൽ നിന്നുള്ള ഒഴിഞ്ഞുമാറലാണോ എന്ന് പരിശോധിക്കാൻ പ്രത്യേക സംഘം ശേഖരിച്ച മെഡിക്കൽ റിപ്പോർട്ടുകൾ ഹാജരാക്കാൻ പത്തനംതിട്ട കോടതി ഉത്തരവിട്ടു.

റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം മാത്രം ജാമ്യത്തിൽ തീരുമാനമെടുക്കുന്നതിനായി കേസ് ജനുവരി 14-ലേക്ക് മാറ്റി.

ശബരിമല സ്വർണ്ണക്കേസിലെ ക്രമക്കേടുകൾ നിലവിൽ വലിയ ഭക്തജനരോഷത്തിന് ഇടയാക്കിയിട്ടുണ്ട്.”ദൈവത്തെ പോലും കൊള്ളയടിച്ചു”; കെ.പി. ശങ്കർദാസിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. ശബരിമലയിൽ നടന്നത് അതീവ ഗുരുതരമായ ക്രമക്കേടാണെന്നും ഇതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ശങ്കർദാസിന് ഒഴിഞ്ഞുമാറാനാവില്ലെന്നും ജസ്റ്റിസ് ദീപാങ്കർ ദത്ത നിരീക്ഷിച്ചു.

ഹൈക്കോടതി പരാമർശങ്ങൾ നീക്കാനും അറസ്റ്റ് തടയാനുമുള്ള ശങ്കർദാസിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. പകരം ആരോഗ്യനില ചൂണ്ടിക്കാട്ടി മുൻകൂർ ജാമ്യത്തിന് കീഴ്ക്കോടതിയെ സമീപിക്കാൻ നിർദ്ദേശിച്ചു. ഉന്നതരായ ബോർഡ് അംഗങ്ങളുടെ അറിവോടെയാണ് ശബരിമലയിൽ സ്വർണ്ണക്കൊള്ള നടന്നതെന്ന സൂചനകളാണ് കോടതി നിരീക്ഷണങ്ങളിലൂടെ വ്യക്തമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *