തിരുവനന്തപുരം കോർപ്പറേഷനിലെ എൽഡിഎഫ് സിറ്റിംഗ് സീറ്റായ വിഴിഞ്ഞം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. കെ.എച്ച്. സുധീർ ഖാൻ 172 വോട്ടുകൾക്കാണ് വിജയിച്ചത്. ഇതോടെ കോർപ്പറേഷനിൽ യുഡിഎഫിന്റെ സീറ്റ് നില 20 ആയി. സ്വന്തം നിലയിൽ കേവലഭൂരിപക്ഷം നേടാനുള്ള ബിജെപിയുടെ നീക്കത്തിനും എൽഡിഎഫിന്റെ ആധിപത്യത്തിനും ഈ ഫലം തിരിച്ചടിയായി.
യുഡിഎഫിന്റെ ഈ മുന്നേറ്റം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് പുത്തൻ ഉണർവ് നൽകും.വിഴിഞ്ഞത്ത് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയും ഐഎൻടിയുസി നേതാവുമായ സുധീർ ഖാൻ വിജയിച്ചു.
ഒൻപത് സ്ഥാനാർത്ഥികൾ മത്സരിച്ച വാർഡിൽ, സ്വതന്ത്ര സ്ഥാനാർത്ഥി അപകടത്തിൽപ്പെട്ട് മരിച്ചതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. വോട്ടെടുപ്പിന് തലേദിവസം നടന്ന മരണത്തെത്തുടർന്ന് മാറ്റിവെച്ച തിരഞ്ഞെടുപ്പിലാണ് എൽഡിഎഫ് സിറ്റിംഗ് സീറ്റ് യുഡിഎഫ് തിരിച്ചുപിടിച്ചത്.
വിഴിഞ്ഞം വാർഡിൽ 66.9 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ആകെ പോൾ ചെയ്ത 8,912 വോട്ടുകളിൽ 4,599 സ്ത്രീകളും 4,312 പുരുഷന്മാരും ഒരു ട്രാൻസ്‌ജെൻഡറും ഉൾപ്പെടുന്നു. എൽഡിഎഫിനായി കെ.കെ. ശൈലജയും കെ.ടി. ജലീലും, യുഡിഎഫിനായി ഷാഫി പറമ്പിലും നേരിട്ടെത്തി പ്രചാരണം നയിച്ച വാശിയേറിയ പോരാട്ടമായിരുന്നു വിഴിഞ്ഞത്ത് നടന്നത്.
