മുൻ സി.പി.എം എം.എൽ.എ ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്നു. കൊട്ടാരക്കരയിൽ നിന്നുള്ള മുൻ ജനപ്രതിനിധിയായ ഇവർ സമരവേദിയിൽ കോൺഗ്രസ് നേതാക്കൾക്കൊപ്പം അണിനിരന്നു. മൂന്ന് തവണ കൊട്ടാരക്കരയെ പ്രതിനിധീകരിച്ച ഐഷാ പോറ്റി, കഴിഞ്ഞ അഞ്ച് വർഷമായി സി.പി.എം നേതൃത്വവുമായി അകൽച്ചയിലായിരുന്നു.

ഇതിനിടെ ഇവരെ ഏരിയ കമ്മിറ്റിയിൽ നിന്നും പാർട്ടി ഒഴിവാക്കിയിരുന്നു. സജീവ രാഷ്ട്രീയത്തിലേക്ക് തിരികെയെത്തുന്നതിന്റെ ഭാഗമായാണ് കോൺഗ്രസിലേക്കുള്ള ഈ മാറ്റം.

 കഴിഞ്ഞ വർഷം കൊട്ടാരക്കരയിൽ നടന്ന ഉമ്മൻചാണ്ടി അനുസ്മരണ ചടങ്ങിൽ പങ്കെടുത്ത ഐഷാ പോറ്റിക്ക് കോൺഗ്രസ് വലിയ സ്വീകരണം നൽകിയിരുന്നു. അന്ന് തന്നെ കോൺഗ്രസ് നേതാവ് സി.എൻ. നന്ദകുമാർ അവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തെങ്കിലും, താൻ ഉമ്മൻചാണ്ടിയെ ആദരിക്കാൻ മാത്രമാണ് എത്തിയതെന്നായിരുന്നു ഐഷാ പോറ്റിയുടെ അന്നത്തെ നിലപാട്.

ഇതിന് പിന്നാലെ അവർക്കെതിരെ കടുത്ത സൈബർ ആക്രമണവും ഉണ്ടായിരുന്നു. 2006-ൽ ആർ. ബാലകൃഷ്ണപിള്ളയെ അട്ടിമറിച്ചാണ് ഐഷാ പോറ്റി കൊട്ടാരക്കരയിൽ നിന്ന് ആദ്യമായി നിയമസഭയിലെത്തിയത്.

തുടർന്ന് 2011, 2016 വർഷങ്ങളിലും അവർ വിജയം ആവർത്തിച്ചു. എന്നാൽ പിന്നീട് പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്ന ഐഷാ പോറ്റിയെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സി.പി.എം ഏരിയ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയത്.

പാർട്ടി നേതൃത്വവുമായുള്ള ഭിന്നതയെത്തുടർന്നാണ് ഈ വിട്ടുനിൽക്കലെന്ന പ്രചാരണം ശക്തമായിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *