വാഷിങ്ടൺ: റഷ്യക്ക് പിന്നാലെ ഇറാനെതിരെയും കടുത്ത വ്യാപാരയുദ്ധം പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി വ്യാപാര ബന്ധം പുലർത്തുന്ന രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
2026-ലെ ട്രംപിന്റെ ആദ്യത്തെ പ്രധാന താരിഫ് പ്രഖ്യാപനമാണിത്.ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക 25 ശതമാനം നികുതി ചുമത്തുമെന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ട ഈ ഉത്തരവ് അന്തിമമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇറാനെതിരെ സൈനിക നടപടിയുണ്ടാകുമെന്ന ഭീഷണിക്ക് പിന്നാലെയാണ് ട്രംപിന്റെ ഈ കടുത്ത സാമ്പത്തിക നീക്കം.ഇറാനുമായുള്ള വ്യാപാരത്തിന് 25 ശതമാനം തീരുവ കൂടി പ്രഖ്യാപിച്ചത് ഇന്ത്യ, ചൈന, യുഎഇ എന്നീ രാജ്യങ്ങൾക്ക് കനത്ത തിരിച്ചടിയാകും. റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ നിലവിൽ നേരിടുന്ന 25 ശതമാനം പിഴച്ചുങ്കത്തിന് പുറമെയാണിത്.
ഇതോടെ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മൊത്തം 50 ശതമാനം നികുതി നൽകേണ്ടി വരുന്നത് വലിയ സാമ്പത്തിക വെല്ലുവിളിയാകും.
ഇറാനിയൻ എണ്ണയ്ക്ക് ഉപരോധമുണ്ടെങ്കിലും ഡ്രൈ ഫ്രൂട്ട്‌സ്, മരുന്നുകൾ, അരി തുടങ്ങിയ മേഖലകളിൽ ഇന്ത്യയുമായി ശക്തമായ വ്യാപാര ബന്ധമാണുള്ളത്. ഇന്ത്യ-ഇറാൻ സൗഹൃദക്കരാറിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ട്രംപിന്റെ പുതിയ നീക്കം വരുന്നത്. ഇറാന്റെ പ്രധാന വ്യാപാര പങ്കാളിയായ ഇന്ത്യയ്ക്ക് ഈ നികുതി വർധന വലിയ തിരിച്ചടിയാകും.
