കേരള കോൺഗ്രസ് എം ഇടതുമുന്നണി വിട്ട് യുഡിഎഫിലേക്ക് മടങ്ങുന്നു എന്ന അഭ്യൂഹം ശക്തമാകുന്നു. ജോസ് കെ. മാണിയെ സോണിയ ഗാന്ധി നേരിട്ട് ഫോണിൽ വിളിച്ചതായും കെ.സി. വേണുഗോപാൽ ഇതിനായി മധ്യസ്ഥത വഹിക്കുന്നതായും സൂചനയുണ്ട്.
ഇതേത്തുടർന്ന് എൽഡിഎഫ് മേഖലാ ജാഥയിൽ നിന്ന് ജോസ് കെ. മാണി പിന്മാറിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്, എന്നാൽ കോൺഗ്രസ് നേതൃത്വം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ജോസ് കെ. മാണി കൈക്കൊള്ളുന്ന എന്ത് തീരുമാനത്തോടും ഒപ്പം നിൽക്കുമെന്ന് കേരള കോൺഗ്രസ് എമ്മിലെ നാല് എം.എൽ.എമാർ വ്യക്തമാക്കി. എൻ. ജയരാജ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജോബ് മൈക്കിൾ, പ്രമോദ് നാരായണൻ എന്നിവരാണ് ജോസ് കെ. മാണിക്ക് പിന്തുണ പ്രഖ്യാപിച്ച് മുന്നണി മാറ്റ ചർച്ചകൾക്കിടെ നിലപാട് അറിയിച്ചത്.
കേരള കോൺഗ്രസ് എം യുഡിഎഫിലേക്ക് മടങ്ങുന്നുവെന്ന വാർത്തകൾക്കിടെ, എൽഡിഎഫിൽ ഉറച്ചുനിൽക്കുമെന്ന നിലപാടിലാണ് മന്ത്രി റോഷി അഗസ്റ്റിൻ. മുന്നണി മാറ്റമുണ്ടായാൽ അദ്ദേഹം എൽഡിഎഫിനൊപ്പം തുടരുന്നത് പാർട്ടിയിൽ മറ്റൊരു പിളർപ്പിന് വഴിയൊരുക്കിയേക്കാം.
ഇടതുമുന്നണി നേതാക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ‘തുടരും’ എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത് ഈ നിലപാടിന്റെ സൂചനയായി രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നു.2026 നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, കേരള കോൺഗ്രസ് എം എൽഡിഎഫ് വിടുമെന്ന സൂചനകൾ ശക്തമാകുന്നു.
ജനുവരി 16-ന് കോട്ടയത്ത് ചേരുന്ന സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി യോഗം മുന്നണി മാറ്റത്തിൽ നിർണായക തീരുമാനമെടുത്തേക്കും. കേരള കോൺഗ്രസ് എം സ്വീകരിക്കുന്ന നിലപാട് സംസ്ഥാന രാഷ്ട്രീയത്തിൽ വൻ ചലനങ്ങൾ സൃഷ്ടിക്കും.ഇടതുമുന്നണിയുടെ മധ്യമേഖലാ ജാഥാ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ജോസ് കെ. മാണി പിന്മാറാൻ ഒരുങ്ങുന്നതായാണ് പുതിയ റിപ്പോർട്ടുകൾ.
ഫെബ്രുവരി 6 മുതൽ 13 വരെ ആറന്മുളയിൽ നിന്നും അങ്കമാലിയിലേക്ക് നടത്തുന്ന ഈ റാലി നയിക്കാൻ എൻ. ജയരാജിനോട് ജോസ് കെ. മാണി ആവശ്യപ്പെട്ടതായാണ് വിവരം. മുന്നണി മാറ്റ അഭ്യൂഹങ്ങൾക്കിടെ ജാഥാ നേതൃത്വത്തിൽ നിന്നുള്ള ഈ പിന്മാറ്റം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ മുഖ്യമന്ത്രി നടത്തിയ സമരത്തിൽ ജോസ് കെ. മാണി പങ്കെടുക്കാതിരുന്നത് വലിയ ചർച്ചയായിട്ടുണ്ട്. യാത്രയിലായതിനാലാണ് പങ്കെടുക്കാത്തതെന്നാണ് പാർട്ടി വിശദീകരണമെങ്കിലും, മന്ത്രി റോഷി അഗസ്റ്റിനും മറ്റ് എം.എൽ.എമാരും സമരത്തിനെത്തിയിരുന്നു.
മുന്നണി മാറ്റ അഭ്യൂഹങ്ങൾക്കിടെയുള്ള ജോസ് കെ. മാണിയുടെ ഈ വിട്ടുനിൽക്കൽ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് വിലയിരുത്തപ്പെടുന്നത്.
