ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി എസ്ഐടി തെളിവെടുപ്പ് ആരംഭിച്ചു. പരാതിക്കാസ്പദമായ തിരുവല്ലയിലെ ഹോട്ടലിലാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്. തുടർന്ന് പാലക്കാടും പരിശോധന നടത്തും. എന്നാൽ അന്വേഷണസംഘത്തോട് സഹകരിക്കാത്ത രാഹുൽ, ചോദ്യങ്ങൾക്കെല്ലാം ചിരിച്ചുകൊണ്ട് മാത്രമാണ് മറുപടി നൽകുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടതിനെത്തുടർന്ന് പത്തനംതിട്ട എആർ ക്യാമ്പിൽ ചോദ്യം ചെയ്യൽ തുടരുന്നു. യുവതിയുടെ പരാതിയിൽ പറയുന്ന പാലക്കാട്ടെ ഫ്ലാറ്റിലും തെളിവെടുപ്പ് നടത്താൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്.
അന്വേഷണവുമായി സഹകരിക്കാത്ത രാഹുലിനെ 15-ന് വൈകിട്ട് കോടതിയിൽ ഹാജരാക്കും.രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യഹർജി 16-ന് വീണ്ടും പരിഗണിക്കും. കേസെടുത്തത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നാണ് പ്രതിഭാഗത്തിന്റെ പ്രധാന വാദം. പരാതിക്കാരിയുടെ മൊഴി വീഡിയോ കോൺഫറൻസ് വഴിയെടുത്തതും, മൂന്ന് ദിവസത്തിനകം ഒപ്പിടണമെന്ന നിബന്ധന പാലിക്കാത്തതും പ്രതിഭാഗം ചൂണ്ടിക്കാട്ടി.
എന്നാൽ അറസ്റ്റ് നോട്ടീസിൽ ഒപ്പിടാത്തതിനെക്കുറിച്ച് കോടതി രാഹുലിനോട് വിശദീകരണം തേടി. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും അറസ്റ്റിന് തടസ്സമൊന്നും നിന്നിട്ടില്ലെന്നും രാഹുൽ മറുപടി നൽകി. അറസ്റ്റിന് ശേഷം തന്നെ ദീർഘനേരം കസ്റ്റഡിയിൽ വെച്ച പോലീസ്, തന്നെ പ്രദർശിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു.
