ദില്ലി: ഇഡി റെയ്ഡ് തടസപ്പെടുത്തിയ കേസിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിൽ സംസ്ഥാനം ഇടപെട്ടത് ഗൗരവകരമെന്ന് നിരീക്ഷിച്ച കോടതി, ഉദ്യോഗസ്ഥർക്കെതിരായ പോലീസ് നടപടികൾ സ്റ്റേ ചെയ്തു.
ഐപാക് ഓഫീസിലെ റെയ്ഡിനിടെ മുഖ്യമന്ത്രി നേരിട്ടെത്തി തെളിവുകൾ കടത്തിയെന്നും ഇത് മോഷണമാണെന്നും ഇഡി കോടതിയിൽ ആരോപിച്ചു.മമത ബാനർജി നേരിട്ടെത്തി രേഖകളും ഉദ്യോഗസ്ഥന്റെ ഫോണും കവർന്നുവെന്ന് ഇഡി സുപ്രീം കോടതിയിൽ വാദിച്ചു. കേസ് പരിഗണിച്ച ഹൈക്കോടതി നടപടികൾ ടിഎംസി അനുകൂലികൾ തടസ്സപ്പെടുത്തിയതായും സോളിസിറ്റർ ജനറൽ ആരോപിച്ചു.
സംഭവത്തിൽ സിബിഐ അന്വേഷണത്തിന് അനുമതി നൽകണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ബംഗാളിലെ സംഭവവികാസങ്ങൾ അങ്ങേയറ്റം ഗൗരവകരമാണെന്ന് ജസ്റ്റിസുമാരായ പി.കെ. മിശ്ര, വിപുൽ പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
സംസ്ഥാന ഏജൻസികൾ കേന്ദ്ര അന്വേഷണം തടയുന്നത് അരാജകത്വത്തിന് വഴിവെക്കുമെന്നും രാഷ്ട്രീയ പാർട്ടികൾക്ക് അന്വേഷണം തടയാൻ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ ഇടപെടാൻ കേന്ദ്ര ഏജൻസികൾക്ക് അധികാരമില്ലെങ്കിലും പാർട്ടി അവകാശങ്ങളുടെ മറവിൽ നിയമനടപടികൾ തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ഇഡി ഉദ്യോഗസ്ഥർക്കെതിരെയുള്ള കൊൽക്കത്ത പോലീസിന്റെ എഫ്‌ഐആർ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേസിൽ മമത ബാനർജിക്കും ബംഗാൾ, കേന്ദ്ര സർക്കാരുകൾക്കും കോടതി നോട്ടീസ് അയച്ചു. അടുത്ത മാസം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സുപ്രീം കോടതിയിലെ ഈ നിയമപോരാട്ടം വലിയ രാഷ്ട്രീയ ചലനങ്ങൾക്ക് വഴിവെച്ചേക്കും.
