ഇറാനെതിരായ സൈനിക നീക്കം ഒഴിവാക്കാൻ സൗദി, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങൾ നടത്തിയ ചർച്ചകൾ ട്രംപിനെ പ്രേരിപ്പിച്ചു. പശ്ചിമേഷ്യയിലെ സമാധാനം തകരുമെന്ന ഗൾഫ് രാജ്യങ്ങളുടെ മുന്നറിയിപ്പാണ് സ്ഥിതിഗതികൾ മയപ്പെടുത്തിയത്. 

ഇറാനെ ആക്രമിക്കുന്നത് ഗൾഫ് മേഖലയിൽ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും അത് അമേരിക്കയ്ക്കും ഗുണകരമാകില്ലെന്നും സൗദിയും ഖത്തറും ട്രംപിനെ ബോധിപ്പിച്ചു. ഇറാനിലെ സാഹചര്യം ട്രംപ് നിരീക്ഷിച്ചു വരികയാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

അറസ്റ്റിലായ 800 പേരുടെ വധശിക്ഷ നടപ്പാക്കുന്നത് ഇറാൻ മരവിപ്പിച്ചതായി വിവരം ലഭിച്ചെന്ന് വൈറ്റ് ഹൗസ് വക്താവ് കരോളിൻ ലെവിറ്റ് അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷം ലഘൂകരിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ഇറാൻ, ഇസ്രയേൽ നേതാക്കളുമായി ഫോണിൽ ചർച്ച നടത്തി.

പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാൻ റഷ്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അതേസമയം, ഇറാൻ വിഷയം ചർച്ച ചെയ്യാൻ ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ മേധാവി ഡേവിഡ് ബർനിയ യുഎസിലെത്തി.ഇറാനിൽ പ്രക്ഷോഭവുമായി ബന്ധപ്പെട്ട അറസ്റ്റുകൾ തുടരുന്നതായി മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നു.

ടെഹ്റാൻ നഗരത്തിൽ ഡ്രോൺ നിരീക്ഷണവും ഇന്റർനെറ്റ് വിലക്കും നിലവിലുണ്ട്. രണ്ടാഴ്ചത്തെ പ്രക്ഷോഭത്തിൽ 2,677 പേർ കൊല്ലപ്പെട്ടതായാണ് ഹ്യുമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസിയുടെ കണക്ക്.ഇറാനിലെ ആഭ്യന്തര സംഘർഷങ്ങളുമായി ബന്ധപ്പെട്ട് യുഎൻ രക്ഷാസമിതിയിൽ അമേരിക്കയും ഇറാനും റഷ്യയും തമ്മിൽ രൂക്ഷമായ വാഗ്വാദം നടന്നു.

ഇറാൻ ജനതയെ സംരക്ഷിക്കാൻ പ്രസിഡന്റ് ട്രംപ് എല്ലാ വഴികളും തേടുകയാണെന്ന് യുഎസ് അംബാസഡർ മൈക്ക് വാൽട്സ് പറഞ്ഞു.

എന്നാൽ, തങ്ങൾ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും ആക്രമിക്കപ്പെട്ടാൽ ശക്തമായി തിരിച്ചടിക്കുമെന്നും ഇറാന്റെ ഡപ്യൂട്ടി അംബാസഡർ ഗുലാം ഹുസൈൻ ദർസി വ്യക്തമാക്കി.

അമേരിക്കയുടെ നീക്കം ഇറാനെ ആക്രമിക്കാനുള്ള പദ്ധതിയുടെ ഭാഗമാണെന്ന് റഷ്യ ആരോപിച്ചു.ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമേനിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു പ്രതിഷേധം.

Leave a Reply

Your email address will not be published. Required fields are marked *