മനുഷ്യൻ ബഹിരാകാശം കീഴടക്കിയ വലിയ നേട്ടങ്ങൾക്ക് പിന്നിൽ ചില മിണ്ടാപ്രാണികളുടെ കണ്ണീരുണങ്ങാത്ത ചരിത്രമുണ്ട്. സ്വന്തം വിധി നിശ്ചയിക്കാനാവാതെ, പരീക്ഷണശാലകളിലെ കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങി ബഹിരാകാശത്തേക്ക് അയക്കപ്പെട്ട അത്തരം ജീവികളെ ഇന്ന് ലോകം നൊമ്പരത്തോടെയാണ് ഓർക്കുന്നത്.

ശാസ്ത്രത്തിന്റെ കുതിപ്പിനായി സ്വാതന്ത്ര്യം ബലികൊടുക്കേണ്ടി വന്ന ഈ മിണ്ടാപ്രാണികളുടെ ത്യാഗം ബഹിരാകാശ ചരിത്രത്തിലെ മായ്ക്കാനാവാത്ത അധ്യായമാണ്. 

മനുഷ്യനേക്കാൾ മുൻപേ ബഹിരാകാശത്തിന്റെ അതിരുകൾ തൊട്ട യഥാർത്ഥ ഹീറോയാണ് ഹാം എന്ന ചിമ്പാൻസി. ശാസ്ത്രലോകത്തിന് വഴികാട്ടിയായ ഈ വിസ്മയ ജീവിയെ ബഹിരാകാശ ചരിത്രം എന്നും കടപ്പാടോടെ ഓർമ്മിക്കുന്നു.ബഹിരാകാശത്തേക്ക് സഞ്ചരിച്ച ആദ്യ ഹോമിനിഡാണ് ഹാം എന്ന ചിമ്പാൻസി.

കാമറൂണിലെ മഴക്കാടുകളിൽ നിന്ന് വേട്ടക്കാർ പിടികൂടിയ ഹാമിനെ അമേരിക്കൻ വ്യോമസേന വിലയ്ക്ക് വാങ്ങുകയായിരുന്നു. 1950-കളുടെ അവസാനത്തിൽ ബഹിരാകാശ പരീക്ഷണങ്ങൾക്കായി മൃഗങ്ങളെ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് രണ്ട് വയസ്സുകാരനായ ഹാമിനെ തിരഞ്ഞെടുക്കുന്നത്. നാസയുടെ ചരിത്രരേഖകൾ പ്രകാരം മനുഷ്യയാത്രയ്ക്ക് മുന്നോടിയായുള്ള നിർണായക പരീക്ഷണമായിരുന്നു ഇത്.

ബഹിരാകാശ പരീക്ഷണങ്ങൾക്കായി ബുദ്ധിശക്തിയേറിയ ചിമ്പാൻസികളെ തന്നെ തിരഞ്ഞെടുക്കാൻ ശാസ്ത്രജ്ഞർ തീരുമാനിച്ചു. ഇതേതുടർന്ന് ഹോളോമാൻ എയർഫോഴ്സ് ബേസിലെത്തിച്ച ചിമ്പാൻസികളിൽ ഹാമിനെയും ഉൾപ്പെടുത്തി. കടുത്ത പരിശീലനമുറകളിലൂടെയാണ് ദൗത്യത്തിനായി ഹാമിനെ അവർ പാകപ്പെടുത്തിയത്.

വിശദമായ പരിശോധനകൾക്ക് ശേഷം ഹാമിനെ ദൗത്യത്തിനായി തിരഞ്ഞെടുത്തു. തുടർന്ന് കാടും കൂട്ടുകാരും നഷ്ടപ്പെട്ട അവന്റെ ജീവിതം പരീക്ഷണശാലകളിലെ ഇരുമ്പ് കൂടുകളിലേക്ക് ചുരുങ്ങി. ലൈറ്റുകൾ തെളിയുമ്പോൾ ലിവർ പ്രവർത്തിപ്പിക്കാനായിരുന്നു ഹാമിനെ പഠിപ്പിച്ചിരുന്നത്. ഇതിൽ ചെറിയ മാറ്റം വന്നാൽപ്പോലും ക്രൂരമായ ഇലക്ട്രിക് ഷോക്കുകളാണ് അവന് ശിക്ഷയായി ലഭിച്ചിരുന്നത്. 

NASA ചരിത്രരേഖകൾ പ്രകാരം 1959 മുതൽ രണ്ടു വർഷത്തോളമാണ് ഹാം ഈ നരകയാതന അനുഭവിച്ചത്.നിർദ്ദേശങ്ങൾ പാലിച്ചാൽ ഭക്ഷണം നൽകുകയും പിഴവ് സംഭവിച്ചാൽ ശിക്ഷിക്കുകയും ചെയ്യുന്ന രീതിയിലായിരുന്നു ഹാമിന്റെ പരിശീലനം. വലിയ ശബ്ദങ്ങളും ഏകാന്തതയും ഭയവും നിശബ്ദമായി സഹിച്ചാണ് അവൻ ഓരോ ഘട്ടവും പിന്നിട്ടത്.

ഹാമിനൊപ്പം മറ്റ് അഞ്ച് ചിമ്പാൻസികളെ കൂടി ദൗത്യത്തിനായി പരിശീലിപ്പിച്ചിരുന്നെങ്കിലും അസുഖങ്ങൾ ബാധിച്ചതിനെത്തുടർന്ന് പലരും പാതിവഴിയിൽ പുറത്തായി. നാസയുടെ ചരിത്രരേഖകളിൽ ഈ ക്രൂരമായ പരിശീലന മുറകളെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്.

രോഗം പടരാതിരിക്കാൻ ചിമ്പാൻസികളെ പരസ്പരം ഇടപഴകാൻ അനുവദിച്ചിരുന്നില്ല. ഓരോരുത്തരെയും കർശനമായ നിരീക്ഷണത്തിൽ ഒറ്റയ്ക്കാണ് പാർപ്പിച്ചിരുന്നത്. പേടകത്തിൽ നിന്ന് പുറത്തെത്തിയ ഉടൻ ഒരു ആപ്പിൾ കഴിച്ചതോടെ ഹാം പൂർണ്ണ ബോധാവസ്ഥയിലാണെന്ന് ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു.

ഹാമിന്റെ ഈ വിജയകരമായ യാത്ര മനുഷ്യന്റെ ബഹിരാകാശ ദൗത്യങ്ങൾക്ക് പുതിയൊരു വാതിൽ തുറന്നിട്ടു.

 NASA ചരിത്രരേഖകൾ പ്രകാരം മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്നതിന് മുൻപുള്ള നിർണായക ചുവടുവെപ്പായിരുന്നു ഇത്.ദൗത്യത്തിന് ശേഷം വാഷിങ്ടൺ ഡിസിയിലെയും നോർത്ത് കരോലീനയിലെയും മൃഗശാലകളിലായിരുന്നു ഹാമിന്റെ ശിഷ്ടകാലം. അവിടെ മറ്റ് ചിമ്പാൻസികൾക്കൊപ്പം ശാന്തമായ ജീവിതം നയിക്കാൻ അവന് സാധിച്ചു. 1983 ജനുവരി 19-ന്, 25-ാം വയസ്സിൽ ഹാം ഈ ലോകത്തോട് വിടപറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *