ഗ്രീൻലൻഡ് സ്വന്തമാക്കാനുള്ള യുഎസ് നീക്കങ്ങൾക്കിടെ ആർട്ടിക് മേഖലയിലെ സുരക്ഷ വർധിപ്പിക്കാൻ നാറ്റോയും ഡെന്മാർക്കും തമ്മിൽ ധാരണയായി. 2026 ജനുവരിയിൽ ബ്രസൽസിൽ നടന്ന നാറ്റോ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനമെടുത്തത്. ഗ്രീൻലൻഡിനെ അമേരിക്കൻ സംസ്ഥാനമാക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താൽപ്പര്യത്തിന് പിന്നാലെയാണ് ഈ നീക്കം.
നാറ്റോ തലവൻ മാർക്ക് റൂട്ടെയും ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്സണും നടത്തിയ കൂടിക്കാഴ്ചയിലാണ് ആർട്ടിക് സുരക്ഷ ശക്തമാക്കാൻ തീരുമാനിച്ചത്. ഗ്രീൻലൻഡിന്റെയും നാറ്റോ സഖ്യത്തിന്റെയും സുരക്ഷയ്ക്ക് ഈ സഹകരണം അനിവാര്യമാണെന്ന് ഇരുനേതാക്കളും വ്യക്തമാക്കി.
ഗ്രീൻലൻഡ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് നാറ്റോ സെക്രട്ടറി ജനറലുമായി ധാരണയിലെത്തിയെന്നും കരാർ വ്യവസ്ഥകളിൽ തൃപ്തനാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു.
ഇതിനു പിന്നാലെ യൂറോപ്യൻ രാജ്യങ്ങൾക്കുമേൽ ചുമത്തിയ 10 ശതമാനം നികുതി അദ്ദേഹം പിൻവലിച്ചു .നാറ്റോ ആർട്ടിക് ദൗത്യത്തിന്റെ ഭാഗമായി ഗ്രീൻലൻഡിൽ സ്ഥിരമായ സൈനിക സാന്നിധ്യത്തിന് അംഗരാജ്യങ്ങൾ സമ്മതിച്ചിട്ടുണ്ട്. ഗ്രീൻലൻഡിൽ യുഎസിന് പൂർണ്ണ സൈനിക പ്രവേശനം നൽകുന്നതാണ് കരാറെന്ന് ട്രംപ് അവകാശപ്പെടുമ്പോഴും ഇതിന്റെ ഔദ്യോഗിക വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല
