നെയ്യാറ്റിൻകരയിലെ ഒരുവയസുകാരന്റെ കൊലപാതകത്തിൽ താൻ നിരപരാധിയാണെന്ന് അമ്മ കൃഷ്ണപ്രിയ മൊഴി നൽകി. ഭർത്താവിന് കുഞ്ഞിനോട് ഇഷ്ടക്കേടുണ്ടായിരുന്നുവെന്നും മുൻപ് കുഞ്ഞിന്റെ കൈ ഒടിഞ്ഞത് അദ്ദേഹം മടിയിലിരുത്തിയപ്പോഴാണെന്നും കൃഷ്ണപ്രിയ പറഞ്ഞു.
എന്നാൽ, കൃഷ്ണപ്രിയ കുഞ്ഞിനെ മർദ്ദിച്ചിരുന്നു എന്നാണ് പിതാവ് ഷിജിന്റെ മൊഴി. ഭാര്യയോടുള്ള സംശയമാണ് കുഞ്ഞിനെ വധിക്കാൻ പ്രേരിപ്പിച്ചതെന്ന് പ്രതി ഷിജിൻ പോലീസിനോട് സമ്മതിച്ചു.
ഈ സംശയത്തെത്തുടർന്നുണ്ടായ ക്രൂരതയാണ് ഒരുവയസുകാരന്റെ ജീവനെടുത്തതെന്നാണ് പോലീസ് നൽകുന്ന സൂചന.നെയ്യാറ്റിൻകരയിൽ ഒരുവയസുകാരൻ ഇഹാൻ കൊല്ലപ്പെട്ട സംഭവത്തിൽ പിതാവ് ഷിജിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഭാര്യയോടുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് ഷിജിൻ സമ്മതിച്ചു.
പോസ്റ്റ്മോർട്ടത്തിൽ കുട്ടിയുടെ വയറ്റിലേറ്റ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. ബിസ്കറ്റ് കഴിച്ചപ്പോൾ കുട്ടി ബോധരഹിതനായെന്നായിരുന്നു ഇവർ ആദ്യം പറഞ്ഞിരുന്നത്.
കുഞ്ഞിന്റെ വായിൽ നിന്ന് നുരയും പതയും വന്ന് ചുണ്ടിന്റെ നിറം മാറിയതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് ഷിജിനും കൃഷ്ണപ്രിയയും ആദ്യം മൊഴി നൽകിയിരുന്നത്.
എന്നാൽ മൊഴിയിലെ വൈരുദ്ധ്യം കാരണം സംശയം തോന്നിയ പോലീസ് ഇരുവരെയും ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു. മൂന്ന് മാസത്തിലേറെയായി പിരിഞ്ഞു താമസിച്ചിരുന്ന ഇവർ ബന്ധുക്കളുടെ ഇടപെടലിനെ തുടർന്നാണ് വീണ്ടും ഒന്നിച്ചു താമസിക്കാൻ തുടങ്ങിയത്.
