ന്യൂയോർക്ക്: ഗസയിൽ വെടിനിർത്തൽ നടപ്പിലാക്കണമെങ്കിൽ ഇസ്രഈൽ സൈന്യം പൂർണമായും പിൻവാങ്ങണമെന്ന് ഫലസ്തീൻ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടു.
ഗസ ഫലസ്തീൻ പ്രദേശത്തിന്റെ അവിഭാജ്യ ഘടകമാണെന്നും, ഭാവി നിയന്ത്രിക്കാനുള്ള ഇസ്രഈലിന്റെ ശ്രമം അവസാനിപ്പിക്കുകയും സൈന്യത്തെ പൂർണമായും പിൻവലിക്കുകയും ചെയ്താൽ മാത്രമേ വെടിനിർത്തൽ സാധ്യമാകൂ എന്നും ഫലസ്തീൻ യുഎൻ പ്രതിനിധി റിയാദ് മൻസൂർ വ്യക്തമാക്കി.മറ്റുള്ളവരെപ്പോലെ ഫലസ്തീൻ ജനതയുടെ ദുരിതങ്ങൾക്കും അടിയന്തര പരിഹാരം വേണമെന്ന് റിയാദ് മൻസൂർ ആവശ്യപ്പെട്ടു.
ഗസയിലെ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത അദ്ദേഹം, സമാധാനത്തിനായി അന്താരാഷ്ട്ര സമൂഹവുമായി സഹകരിക്കാൻ ഫലസ്തീൻ സന്നദ്ധമാണെന്നും വ്യക്തമാക്കി.ഫലസ്തീൻ ജനതയുടെ കഷ്ടപ്പാടുകൾക്ക് അടിയന്തരമായി അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ട റിയാദ് മൻസൂർ, UNRWA അടക്കമുള്ള ഏജൻസികൾക്ക് നേരെയുള്ള ഇസ്രഈൽ നീക്കങ്ങളെ അപലപിച്ചു.
ഫലസ്തീൻ മണ്ണിൽ ഇസ്രഈലിന് പരമാധികാരമില്ലെന്നും ഗസയും ജെറുസലേമും ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ അധിനിവേശം നിയമവിരുദ്ധമാണെന്നും അദ്ദേഹം ആവർത്തിച്ചു.ഗസയെയും കിഴക്കൻ ജറുസലേമിനെയും ഒന്നിപ്പിക്കണമെന്നും ഫലസ്തീന്റെ സ്വയംനിർണ്ണയാവകാശവും രാഷ്ട്രപദവിയും അംഗീകരിക്കണമെന്നും റിയാദ് മൻസൂർ ആവശ്യപ്പെട്ടു.
ഫലസ്തീനികളെ കുടിയിറക്കുന്നത് ഇസ്രഈൽ അവസാനിപ്പിക്കണമെന്ന് യുഎന്നിനോട് ആവശ്യപ്പെട്ട അദ്ദേഹം, വെടിനിർത്തലിനായി അന്താരാഷ്ട്ര സമൂഹവുമായി സഹകരിക്കാൻ തയ്യാറാണെന്നും വ്യക്തമാക്കി.
