ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ബജറ്റ് ജനങ്ങളെ കബളിപ്പിക്കാനുള്ള “രാഷ്ട്രീയ രേഖ” മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഖജനാവ് കാലിയായിരിക്കെ പത്തുവർഷം ചെയ്യാത്ത കാര്യങ്ങൾ നടപ്പിലാക്കുമെന്ന വാഗ്ദാനം വിശ്വസിക്കാനാവില്ലെന്നും, തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള വെറും പ്രഖ്യാപനമാണിതെന്നും അദ്ദേഹം പരിഹസിച്ചു.

കേരളത്തിന്റെ സാമ്പത്തിക രംഗം തകർച്ചയിലാണെന്നും കഴിഞ്ഞ അഞ്ച് മാസമായി കടുത്ത ട്രഷറി നിയന്ത്രണമാണെന്നും വി.ഡി. സതീശൻ വിമർശിച്ചു. നാലര വർഷം നൽകാത്ത പെൻഷൻ വർധനവ് തിരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള കബളിപ്പിക്കലാണെന്നും, ശമ്പള പരിഷ്കരണവും കിഫ്ബി ബാധ്യതകളുമടക്കം സകല ഭാരവും അടുത്ത സർക്കാരിന്റെ തലയിൽ കെട്ടിവെക്കാനാണ് ഇടത് മുന്നണി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പദ്ധതികളൊന്നും നടക്കുന്നില്ലെന്നും ഈ ബജറ്റ് നടപ്പിലാകില്ലെന്നും വി.ഡി. സതീശൻ വിമർശിച്ചു. അടുത്തതായി യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്നും അവരുടെ ബജറ്റാകും നടപ്പിലാക്കുകയെന്നും അദ്ദേഹം പറഞ്ഞു. സമരസമയത്ത് പരിഹസിച്ച ആശാവർക്കർമാർക്കും അങ്കണവാടി ടീച്ചർമാർക്കും ഇപ്പോൾ 1,000 രൂപ വർധിപ്പിച്ചത് വോട്ട് ലക്ഷ്യമിട്ടാണെന്നും, ഇതിന്റെ സാമ്പത്തിക ബാധ്യത അടുത്ത സർക്കാരിന്റെ തലയിൽ കെട്ടിവെക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ബജറ്റിലെ 70% പദ്ധതികളും നടപ്പിലാക്കിയില്ലെന്ന് ആരോപിച്ച വി.ഡി. സതീശൻ, പദ്ധതി നടത്തിപ്പിന്റെ ധവളപത്രം ഇറക്കാൻ ധനമന്ത്രിയെ വെല്ലുവിളിച്ചു. ബജറ്റ് ഭരണപരാജയത്തിന്റെ രേഖയാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും പരിഹസിച്ചു.

അഞ്ചുവർഷം നൽകാത്ത ആനുകൂല്യങ്ങൾ ഇപ്പോൾ പ്രഖ്യാപിക്കുന്നത് ജനങ്ങളെ പറ്റിക്കാനാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *