ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നടൻ ജയറാമിനെ പ്രത്യേക അന്വേഷണ സംഘം ചെന്നൈയിലെ വീട്ടിലെത്തി ചോദ്യം ചെയ്തു. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ശബരിമലയിൽ വെച്ചാണ് ഇയാളെ പരിചയപ്പെട്ടതെന്ന് ജയറാം മൊഴി നൽകി.
2019-ൽ ശബരിമലയിലെ 14 സ്വർണ്ണപ്പാളികൾ ചെന്നൈയിലെത്തിച്ച് ജയറാമിന്റെ വീട്ടിൽ വെച്ച് പൂജ നടത്തിയതായി അന്വേഷണസംഘം കണ്ടെത്തി. റിപ്പോർട്ട് പ്രകാരം, ദേവസ്വം ബോർഡ് രേഖാമൂലം നൽകിയ ഈ സ്വർണ്ണം ദ്വാരപാലക ശില്പങ്ങളാക്കി മാറ്റിയ ശേഷമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിൽ പൂജ നടത്തിയത്.
ഉണ്ണികൃഷ്ണന് പോറ്റി പലതവണ വീട്ടില്‍ വന്നിട്ടുണ്ടെന്നും പലതവണ വീട്ടില്‍ പൂജകള്‍ ചെയ്തിട്ടുണ്ടെന്നും ജയറാം മൊഴി നല്കി. സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് ഒന്നുമറിയില്ല, പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടും ഉണ്ടായിട്ടില്ലെന്നും ജയറാം എസ്ഐടിയോട് പറഞ്ഞു.
പാളികൾ വീട്ടിലെത്തി പൂജിക്കാൻ പോറ്റി തന്നെ ആവശ്യപ്പെടുകയായിരുന്നുവെന്നും ജയറാം പറഞ്ഞു. മൊഴി പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്തേക്കും.
