ലോക്‌സഭയിൽ സ്പീക്കറുടെ ഡയസിനു മുന്നിൽ പ്രതിഷേധിച്ച എട്ട് പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തു. കേരളത്തിൽ നിന്നുള്ള ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് എന്നിവരുൾപ്പെടെയുള്ളവർക്കെതിരെയാണ് സ്പീക്കർ ഓം ബിർള നടപടി സ്വീകരിച്ചത്.
കോൺഗ്രസ് എംപിമാരായ മണിക്കം ടാഗോർ, അമരീന്ദർ സിങ് രാജ വാറിങ്, ഗുർജീത് ഔജ്‌ല, പ്രശാന്ത് പടോളെ, കിരൺ കുമാർ റെഡ്ഢി എന്നിവരും സിപിഎമ്മിന്റെ സു. വെങ്കടേശനുമാണ് സസ്പെൻഷനിലായ മറ്റുള്ളവർ. സഭയുടെ അന്തസ്സ് കെടുത്തിയെന്നും നടപടികൾ തടസ്സപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് ലോക്‌സഭയിൽ അരങ്ങേറിയത് അത്യന്തം നാടകീയമായ രംഗങ്ങൾ. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് എന്നീ എംപിമാർ സെക്രട്ടറി ജനറലിന്റെ മേശപ്പുറത്ത് കയറി പ്രതിഷേധിച്ചു.
ഹൈബി ഈഡനും മാണിക്കം ടാഗോറും ഔദ്യോഗിക രേഖകൾ വലിച്ചുകീറി സ്പീക്കറുടെ ഇരിപ്പിടത്തിന് നേരെ എറിയുകയും ചെയ്തു. സഭയുടെ അന്തസ്സിനെ ബാധിക്കുന്ന ഇത്തരം പ്രവർത്തികൾക്കെതിരെ ബിജെപി പരാതി നൽകിയതോടെയാണ് എട്ട് എംപിമാരെ സസ്‌പെൻഡ് ചെയ്യാൻ സ്പീക്കർ തീരുമാനിച്ചത്.
സസ്‌പെൻഷൻ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാർ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ധർണ്ണ നടത്തി. കേന്ദ്ര സർക്കാരിന്റേത് ജനാധിപത്യ വിരുദ്ധമായ സമീപനമാണെന്നും ജനകീയ വിഷയങ്ങൾ ഉന്നയിക്കുന്നതിനെ അടിച്ചമർത്താനാണ് ശ്രമിക്കുന്നതെന്നും നടപടി നേരിട്ട എംപിമാർ ആരോപിച്ചു. സഭയ്ക്കുള്ളിൽ തുടങ്ങിയ പ്രതിഷേധം സഭാ കവാടത്തിന് പുറത്തേക്ക് നീങ്ങിയതോടെ പാർലമെന്റ് പരിസരം സംഘർഷഭരിതമായി.
