ഇന്ത്യയുമായി ചരിത്രപരമായ വ്യാപാര കരാറിലെത്തിയെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള സൗഹൃദവും ബഹുമാനവും കണക്കിലെടുത്ത് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുമേലുള്ള തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.
എന്നാൽ, ഈ തീരുവ ഇളവിനെക്കുറിച്ച് സൂചിപ്പിച്ചതല്ലാതെ കരാറിലെ മറ്റ് നിബന്ധനകളെക്കുറിച്ചോ വിട്ടുവീഴ്ചകളെക്കുറിച്ചോ പ്രതികരിക്കാൻ പ്രധാനമന്ത്രിയോ കേന്ദ്ര സർക്കാരോ ഇതുവരെ തയ്യാറായിട്ടില്ല.
ഈ നിശബ്ദത കരാറിനെക്കുറിച്ച് ചില സംശയങ്ങൾക്കും ദുരൂഹതകൾക്കും വഴിവെച്ചിട്ടുണ്ട്.പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു വ്യാപാര കരാറിൽ സമ്മതിച്ചതായി അവകാശപ്പെട്ട് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ ഒരു പോസ്റ്റ് പങ്കുവെച്ചു.
അമേരിക്കയിൽ നിന്നുള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും ഇന്ത്യ 0% തീരുവ ഈടാക്കുമെന്നും, റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് പൂർണ്ണമായും നിർത്തി പകരം വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങുമെന്നും മോദി സമ്മതിച്ചതായി ട്രംപ് ഊർജ്ജം, സാങ്കേതികവിദ്യ, കൃഷി, കൽക്കരി എന്നീ മേഖലകളിലായി യുഎസിൽ നിന്ന് 500 ബില്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങൾ ഇന്ത്യ വാങ്ങുമെന്ന വ്യവസ്ഥ പ്രധാനമന്ത്രി മോദി അംഗീകരിച്ചതായി ട്രംപ് അവകാശപ്പെട്ടു.
അമേരിക്കൻ കയറ്റുമതി വർദ്ധിപ്പിക്കുന്നതിനുള്ള ഈ വൻകിട ഡിമാൻഡുകൾക്ക് ഇന്ത്യ വഴങ്ങിയെന്നാണ് ട്രംപിന്റെ പോസ്റ്റ് സൂചിപ്പിക്കുന്നത്. എന്നാൽ, ഇന്ത്യയുടെ ഭാഗത്തുനിന്ന് ഇത്തരം വലിയ സാമ്പത്തിക ബാധ്യതകളെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല
.പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് ചരിത്രപരമായ വ്യാപാര കരാറിൽ തീരുമാനമായതെന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. മോദിയോടുള്ള സൗഹൃദവും ബഹുമാനവും പരിഗണിച്ച്, അദ്ദേഹത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് ഈ ഇളവുകൾ നൽകുന്നതെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഇതനുസരിച്ച് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് ചുമത്തിയിരുന്ന 25 ശതമാനം തീരുവ 18 ശതമാനമായി കുറയ്ക്കാൻ അമേരിക്ക സമ്മതിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുന്ന ഈ പ്രഖ്യാപനം ആഗോള വ്യാപാര രംഗത്ത് വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
പ്രധാനമന്ത്രി മോദി തന്റെ ഉറ്റ സുഹൃത്താണെന്ന് വിശേഷിപ്പിച്ച ട്രംപ്, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ പൂർണ്ണമായും നിർത്തുമെന്ന് സമ്മതിച്ചതായി അവകാശപ്പെട്ടു.
ഇത് യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കുമെന്നാണ് ട്രംപിന്റെ വിലയിരുത്തൽ. കൂടാതെ, 500 ബില്യൺ ഡോളറിലധികം മൂല്യമുള്ള അമേരിക്കൻ ഉൽപ്പന്നങ്ങൾ ഇന്ത്യ വാങ്ങുമെന്നും യുഎസ് ഉൽപ്പന്നങ്ങൾക്കുമേലുള്ള തീരുവ ഇന്ത്യ കുറയ്ക്കുമെന്നും മോദി ഉറപ്പുനൽകിയതായി ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി.
