ഇന്ത്യ-യുഎസ് വ്യാപാര കരാർ പ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി ജയറാം രമേശ് രംഗത്തെത്തി. സ്വന്തം സർക്കാരിന്റെ തീരുമാനങ്ങൾ പോലും രാജ്യം അറിയുന്നത് ട്രംപ് പറഞ്ഞിട്ടാണെന്നും, മോദി അമേരിക്കയ്ക്ക് പൂർണ്ണമായും കീഴടങ്ങിയെന്നും അദ്ദേഹം പരിഹസിച്ചു.
ഇന്ത്യൻ വിപണി അമേരിക്കയ്ക്കായി തുറന്നുകൊടുത്തതിനെ ‘മൊഗാബോ ഖുഷ് ഹുവാ’ എന്ന സിനിമാ ഡയലോഗിലൂടെയാണ് ജയറാം രമേശ് എക്സിൽ (X) വിമർശിച്ചത്.ഇന്ത്യ-യുഎസ് വ്യാപാര കരാർ പ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി മോദിക്കെതിരെ രൂക്ഷവിമർശനവുമായി ജയറാം രമേശ് രംഗത്തെത്തി.
ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചത് മുതൽ റഷ്യൻ എണ്ണ ഇറക്കുമതിയിലെ നിയന്ത്രണങ്ങൾ വരെ ട്രംപ് വാഷിംഗ്ടണിൽ നിന്ന് പ്രഖ്യാപിക്കുന്നത് മോദി ഭരണകൂടത്തിന്റെ കീഴടങ്ങലാണെന്ന് അദ്ദേഹം ആരോപിച്ചു.പ്രധാനമന്ത്രി മോദിയുമായുള്ള ചർച്ചയ്ക്ക് പിന്നാലെ ഇന്ത്യ-യുഎസ് വ്യാപാര കരാർ ധാരണയായ വിവരം ഡോണൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പ്രഖ്യാപിച്ചു. ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ നികുതി 25-ൽ നിന്ന് 18 ശതമാനമായി കുറയ്ക്കുമെന്നും റഷ്യൻ എണ്ണ ഒഴിവാക്കി ഇന്ത്യ വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
മോദിയെ ‘ശക്തനായ നേതാവ്’ എന്ന് വിശേഷിപ്പിച്ച ട്രംപ്, ഇന്ത്യയുടെ ഈ നീക്കം റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കുമെന്നും അവകാശപ്പെട്ടു.
