ടി-20 ലോകകപ്പിൽ നിന്നും വിട്ടുനിൽക്കുമെന്ന പാക്കിസ്ഥാന്റെ നിലപാടിനെത്തുടർന്ന് ഐസിസി നടത്തിവന്ന അനുനയ ചർച്ചകൾ താൽക്കാലികമായി നിർത്തിവെച്ചു.
ചർച്ചകൾക്കായി ഐസിസി ഡെപ്യൂട്ടി ചെയർമാൻ ഇമ്രാൻ ഖ്വാജയെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും പിസിബിയുടെ ഭാഗത്തുനിന്നും അനുകൂലമായ പ്രതികരണങ്ങൾ ഉണ്ടാകാത്തതാണ് ചർച്ചകൾ അനിശ്ചിതത്വത്തിലാകാൻ കാരണം.
പിസിബി വഴങ്ങാത്ത സാഹചര്യത്തിൽ ഐസിസി അധ്യക്ഷൻ ജയ് ഷാ കടുത്ത നിലപാടിലേക്ക് നീങ്ങുന്നു. പാക്കിസ്ഥാനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ തൽക്കാലം വേണ്ടെന്നാണ് ഐസിസി തീരുമാനം.ആഴ്ചകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ലോകകപ്പിൽ പങ്കെടുക്കുമെന്ന് പാക്കിസ്ഥാൻ പ്രഖ്യാപിച്ചെങ്കിലും, ഇന്ത്യയ്‌ക്കെതിരെ കളിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.
ഞായറാഴ്ച പാക്ക് സർക്കാരാണ് ഇക്കാര്യം അറിയിച്ചതെങ്കിലും പിസിബി ഇതുവരെ ഐസിസിയെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
ഫെബ്രുവരി 15-ന് നടക്കേണ്ട ഇന്ത്യ-പാക്കിസ്ഥാൻ മത്സരം പാക്കിസ്ഥാൻ ബഹിഷ്കരിച്ചാൽ ജിയോ സ്റ്റാറിന് (JioStar) 250 കോടി രൂപയുടെ പരസ്യവരുമാനം നഷ്ടമാകുമെന്ന് വിലയിരുത്തൽ. ലോകകപ്പിന്റെ സംപ്രേഷണാവകാശമുള്ള ജിയോ സ്റ്റാർ ഈ നഷ്ടത്തിന് ഐസിസിയോട് (ICC) നഷ്ടപരിഹാരം ആവശ്യപ്പെടും. ഐസിസി വഴി ഈ തുക പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിൽ നിന്ന് ഈടാക്കാനാണ് സാധ്യത.
ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിച്ചാൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (PCB) നിയമനടപടി നേരിടേണ്ടിവരുമെന്ന് ഐസിസി മുന്നറിയിപ്പ് നൽകി. സംപ്രേഷണാവകാശമുള്ള ജിയോ സ്റ്റാറിനുണ്ടാകുന്ന ഏകദേശം 250 കോടി രൂപയുടെ നഷ്ടം പാക്കിസ്ഥാന് നൽകുന്ന വാർഷിക വിഹിതത്തിൽ (35 മില്യൺ ഡോളർ) നിന്ന് ഈടാക്കാനാണ് ഐസിസിയുടെ തീരുമാനം.നാല് വർഷത്തെ ഐസിസി സംപ്രേഷണ കരാറിൽ ഇന്ത്യ-പാക്കിസ്ഥാൻ മത്സരങ്ങൾ നിർണ്ണായക ഭാഗമാണ്.
ഈ മത്സരങ്ങൾ കൂടി കണക്കിലെടുത്താണ് ബ്രോഡ്കാസ്റ്ററായ ജിയോ സ്റ്റാർ വൻതുക ഐസിസിക്ക് നൽകിയത്. അതിനാൽ, ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ നിന്ന് പിന്മാറിയാൽ കരാർ ലംഘനം ചൂണ്ടിക്കാട്ടി പിസിബിക്കെതിരെയും ഐസിസിക്കെതിരെയും ബ്രോഡ്കാസ്റ്റർ നിയമനടപടി സ്വീകരിച്ചേക്കും.
ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്‌കരിക്കുന്നതിനെത്തുടർന്ന് ഐസിസി വാർഷിക വിഹിതം തടഞ്ഞാൽ അതിനെ തർക്കപരിഹാര സമിതിയിൽ ചോദ്യം ചെയ്യാൻ പാക്കിസ്ഥാൻ ഒരുങ്ങുന്നു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി നടത്തിയ ചർച്ചയ്ക്കും നിയമോപദേശങ്ങൾക്കും പിന്നാലെയാണ് പിസിബി ഈ തീരുമാനമെടുത്തത്.
എന്നാൽ, ഈ പരാതി തർക്കപരിഹാര സമിതി പരിഗണിക്കാൻ സാധ്യതയില്ലെന്നും പാക്കിസ്ഥാന്റെ വാദങ്ങൾ ബാലിശമാണെന്നുമാണ് ഐസിസി ബോർഡ് അംഗങ്ങളുടെ നിലപാട്.
ഇന്ത്യയിലേക്ക് വരാൻ മടിച്ച പാക്കിസ്ഥാന്റെ ആവശ്യം പരിഗണിച്ചാണ് നിഷ്പക്ഷ വേദിയായ ശ്രീലങ്കയിൽ മത്സരങ്ങൾ നിശ്ചയിച്ചതെന്ന് ഐസിസി ഉന്നതർ വ്യക്തമാക്കി.
അതിനാൽ ഇനി സുരക്ഷാ കാരണങ്ങൾ പറഞ്ഞ് ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാൻ പാക്കിസ്ഥാന് കഴിയില്ല.
ഇന്ത്യൻ ടീം പാക്കിസ്ഥാനിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയപ്പോഴും മറ്റൊരു രാജ്യത്ത് കളിക്കാൻ ഇന്ത്യ തയ്യാറായ കാര്യം ഐസിസി ഓർമ്മിപ്പിക്കുന്നു. പാക്കിസ്ഥാന്റെ ഇപ്പോഴത്തെ നിലപാട് ന്യായീകരിക്കാനാവില്ലെന്നാണ് ഐസിസിയുടെ പക്ഷം.
