സിനിമയിൽ നിന്ന് ഇടവേളയെടുത്ത് റേസിംഗിൽ സജീവമായ അജിത്തിന് മിശ്രപ്രതികരണങ്ങൾ. F2 ചാമ്പ്യൻഷിപ്പിൽ അജിത്ത് കുമാർ റേസിംഗ് (AKR) മികച്ച തുടക്കം കുറിച്ചെങ്കിലും, തുടർച്ചയായ അപകടങ്ങൾ ടീമിനെ ട്രോളുകൾക്ക് ഇരയാക്കി. രണ്ട് തവണ പോഡിയം ഫിനിഷ് നേടിയ നേട്ടത്തിനൊപ്പമാണ് ഇപ്പോൾ താരത്തിന്റെ ടീം പരിഹാസങ്ങളും നേരിടുന്നത്.
മത്സരത്തിനിടെ അജിത്തിന്റെ കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചെങ്കിലും താരം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തെത്തുടർന്ന് മത്സരം തടസ്സപ്പെട്ടപ്പോൾ, കമന്റേറ്റർമാർ അജിത്തിന്റെ തുടർച്ചയായ കാർ അപകടങ്ങളെ പരിഹസിച്ച് നടത്തിയ കമന്ററി സോഷ്യൽ മീഡിയയിൽ വൈറലായി. ഇത് ആരാധകർക്കിടയിൽ വലിയ ചർച്ചയാകുകയും ചെയ്തു.
ടൂർണമെന്റിൽ ഇത് നാലാം തവണയാണ് താരത്തിന്റെ കാർ അപകടത്തിൽപ്പെടുന്നത്. വടിവേലുവിന്റെ ഐക്കോണിക് മീമുകൾ ഉപയോഗിച്ച് ട്രോൾ പേജുകളും ഈ സംഭവം ഏറ്റെടുത്തതോടെ അജിത്തിന്റെ റേസിംഗ് വലിയ ചർച്ചയായി.തൊട്ടാൽ പൂ മലരും’ എന്ന സിനിമയിൽ വടിവേലുവിന്റെ കാർ തകരുകയും അദ്ദേഹം കരയുകയും ചെയ്യുന്ന രംഗം അജിത്തിന്റെ മുഖം വെച്ച് എഡിറ്റ് ചെയ്ത ട്രോളാണ് ഇപ്പോൾ തരംഗം.
എന്നാൽ, റേസിംഗിലെ അപകടങ്ങൾ സ്വാഭാവികമാണെന്നും അജിത്തിനെ പരിഹസിക്കുന്നത് ശരിയല്ലെന്നും പറഞ്ഞ് ഒരു വിഭാഗം ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.റേസിംഗ് ടീമിന്റെ എനർജി പാർട്ണറായ കാംപ കോളയ്ക്ക് വേണ്ടി അജിത് പരസ്യത്തിൽ അഭിനയിച്ചതും നേരത്തെ വലിയ വിവാദമായിരുന്നു. കരിയറിൽ ഒരിക്കലും പരസ്യങ്ങൾ ചെയ്യില്ലെന്ന മുൻ നിലപാട് താരം മാറ്റിയതിനെതിരെ രൂക്ഷമായ വിമർശനങ്ങളും ട്രോളുകളുമാണ് അന്ന് ഉയർന്നത്.
അപകടങ്ങൾക്കൊപ്പം ഈ നിലപാടുമാറ്റവും അജിത്തിനെതിരെയുള്ള ട്രോളുകൾക്ക് ശക്തി കൂട്ടിയിരിക്കുകയാണ്.മറ്റുള്ളവർ വിരമിക്കുന്ന പ്രായത്തിൽ റേസിംഗിൽ സജീവമായ അജിത്തിന്റെ ആവേശം പലർക്കും മാതൃകയാണ്. നിലവിലെ F2 ടൂർണമെന്റിന് ശേഷമേ താരം സിനിമയിലേക്ക് മടങ്ങൂ. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന പുതിയ പ്രോജക്റ്റിലാണ് അജിത്ത് അടുത്തതായി അഭിനയിക്കുക.
