വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വാഷിംഗ്ടണിൽ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് എന്നിവരുമായി നിർണ്ണായക കൂടിക്കാഴ്ച നടത്തി. പുതിയ ഇന്ത്യ-യു.എസ് വ്യാപാര കരാറിന്റെ പശ്ചാത്തലത്തിൽ നടന്ന ചർച്ചയിൽ വ്യാപാരം, പ്രതിരോധം, ഊർജ്ജം, നിർണ്ണായക ധാതുക്കൾ എന്നീ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താൻ തീരുമാനിച്ചു.
ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ താരിഫ് കുറച്ച നടപടിയെ ഇരുനേതാക്കളും സ്വാഗതം ചെയ്തു.ഇറക്കുമതി നികുതി 18 ശതമാനമായി കുറയ്ക്കാൻ മോദിയും ട്രംപും തീരുമാനിച്ചതിന് പിന്നാലെയാണ് ജയശങ്കർ-റൂബിയോ കൂടിക്കാഴ്ച നടന്നത്.
റഷ്യൻ എണ്ണ ഇറക്കുമതിക്ക് യു.എസ് ചുമത്തിയിരുന്ന പിഴ തീരുവകൾ (penal duties) നീക്കം ചെയ്തത് കരാറിലെ നിർണ്ണായക നേട്ടമായി. ഇരുരാജ്യങ്ങളും പുതിയ വ്യാപാര ധാരണകളെ സ്വാഗതം ചെയ്യുകയും സാമ്പത്തിക സഹകരണം ഉറപ്പാക്കുകയും ചെയ്തു.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിന് കഴിഞ്ഞ ഓഗസ്റ്റ് മുതൽ അമേരിക്ക ചുമത്തിയ 50% വരെ അധിക നികുതി പുതിയ കരാറോടെ ഇല്ലാതാകും. റഷ്യൻ എണ്ണയുമായി ബന്ധപ്പെട്ട ഈ പിഴത്തീരുവകൾ ഒഴിവാക്കുന്നതോടെ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ വലിയൊരു സാമ്പത്തിക ഭാരമാണ് നീങ്ങുന്നത്. ഇതോടെ വ്യാപാര രംഗത്ത് ഇന്ത്യയ്ക്ക് വലിയ ആശ്വാസം ലഭിക്കും.
വ്യാപാര കരാറിന് ശേഷമുള്ള തുടർനടപടികൾ ചർച്ച ചെയ്ത ഇരുരാജ്യങ്ങളും, ലിഥിയം, കോബാൾട്ട് തുടങ്ങിയ നിർണ്ണായക ധാതുക്കളുടെ സംസ്കരണത്തിൽ സഹകരിക്കാൻ തീരുമാനിച്ചു. ഇലക്ട്രോണിക്സ്, ഇലക്ട്രിക് വാഹനങ്ങൾ, പ്രതിരോധ മേഖല എന്നിവയ്ക്ക് കരുത്തേകാനാണ് ഈ പുതിയ നീക്കം ലക്ഷ്യമിടുന്നത്.ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ‘മിനറൽ സെക്യൂരിറ്റി പാർട്ണർഷിപ്പ്’ (MSP) ശക്തിപ്പെടുത്താൻ ജയശങ്കറും റൂബിയോയും തീരുമാനിച്ചു.
നിർണ്ണായക ധാതുക്കളുടെ ലഭ്യത ഉറപ്പാക്കാനും ഈ മേഖലയിലെ ചൈനീസ് ആധിപത്യം മറികടക്കാനുമാണ് ഇന്ത്യയും അമേരിക്കയും ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.ഇന്ത്യ-യുഎസ് കരാറിന്റെ പൂർണ്ണരൂപം കേന്ദ്ര സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഇന്നലെ നടന്ന വാർത്താസമ്മേളനത്തിൽ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ രാർ സംബന്ധിച്ച വിശദാംശങ്ങൾ വെളിപ്പെടുത്താൻ തയ്യാറാകാത്തത് മാധ്യമശ്രദ്ധ നേടിയിട്ടുണ്ട്. പ്രധാനമന്ത്രിയും ട്രംപും തമ്മിലുള്ള ധാരണയുടെ കൃത്യമായ വ്യവസ്ഥകൾ അറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരും.
