ഫറോക്ക് താലൂക്ക് ആശുപത്രിയിലെ ശോചനീയാവസ്ഥയും വികസന മുരടിപ്പും ചൂണ്ടിക്കാട്ടി പി.വി. അൻവർ മന്ത്രി റിയാസിനെ വിമർശിച്ചു. ആറ് മാസം മുൻപ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പുതിയ കെട്ടിടം ഇതുവരെ തുറന്നുകൊടുത്തില്ലെന്നും, ഗൈനക്കോളജി ഉൾപ്പെടെയുള്ള അവശ്യ വിഭാഗങ്ങളോ ആംബുലൻസോ ഇല്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം ആരോപിച്ചു.
45 വർഷമായി മണ്ഡലത്തിൽ ഒരു സർക്കാർ കോളേജ് പോലും തുടങ്ങാൻ ഇടതുപക്ഷത്തിന് കഴിഞ്ഞില്ലെന്നും അൻവർ കൂട്ടിച്ചേർത്തു.റിയാസ് രാഷ്ട്രീയ നേട്ടത്തിനായി സൗഹൃദത്തെ ദുരുപയോഗം ചെയ്യുകയാണെന്നും കുടുംബസംഗമത്തിനിടെയുള്ള ദൃശ്യങ്ങൾ റീൽസാക്കി പ്രചരിപ്പിച്ചെന്നും അൻവർ കുറ്റപ്പെടുത്തി.
തനിക്കെതിരെ സൈബർ ആക്രമണം നടത്താൻ നൂറോളം പേർക്ക് റിയാസ് ജോലി നൽകിയിരിക്കുകയാണെന്നും നിയമസഭയിൽ ഹാജരാകാത്ത മന്ത്രി ചീപ്പ് പൊളിറ്റിക്സാണ് കളിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.ബേപ്പൂരിൽ പി.വി. അൻവർ പ്രചാരണം ശക്തമാക്കിയതോടെ, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെ നേരിൽ കണ്ട് മന്ത്രി മുഹമ്മദ് റിയാസ് പിന്തുണ തേടി.
ഇടതുകോട്ട തകർക്കാൻ യു.ഡി.എഫ് അൻവറിനെ നേരത്തെ ഇറക്കിയത് മത്സരച്ചൂട് കൂട്ടിയിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്റിന്റെ ഔദ്യോഗിക പ്രഖ്യാപനം കൂടി വന്നതോടെ അൻവറിന് മറുപടി നൽകാൻ റിയാസും മണ്ഡലത്തിൽ സജീവമായിരിക്കുകയാണ്.ബേപ്പൂരിൽ 29,000 വോട്ടിന്റെ ഭൂരിപക്ഷവും വികസന നേട്ടങ്ങളും എൽഡിഎഫിന് ആത്മവിശ്വാസം നൽകുന്നു.
എന്നാൽ പി.വി. അൻവറിന്റെ സ്വാധീനവും ഭരണവിരുദ്ധ വികാരവും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. ഇരു മുന്നണികളും മണ്ഡലത്തിൽ സജീവമായതോടെ മത്സരം കടുക്കുകയാണ്.
