വിവാദ കുറ്റവാളി ജെഫ്രി എപ്സ്റ്റീനും മുൻ ഇസ്രയേൽ പ്രധാനമന്ത്രി എഹുദ് ബരാക്കും തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ പുറത്തുവന്നു. ടോണി ബ്ലെയറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള ചർച്ചകളാണ് ഇതിലുള്ളത്.ടോണി ബ്ലെയറിന്റെ കൺസൾട്ടിങ് സേവനങ്ങൾക്കായി വിവിധ രാജ്യങ്ങൾ വൻതുക നൽകിയതായി ജെഫ്രി എപ്സ്റ്റീനും എഹുദ് ബരാക്കും സംഭാഷണത്തിൽ വെളിപ്പെടുത്തുന്നു.
താൻ പ്രധാനമന്ത്രിയായിരിക്കെ ബ്ലെയറുമായി ഡൗണിങ് സ്ട്രീറ്റിൽ കൂടിക്കാഴ്ച നടത്തിയതായും എപ്സ്റ്റീൻ ഓഡിയോയിൽ സമ്മതിക്കുന്നുണ്ട്.ടോണി ബ്ലെയറിനും അദ്ദേഹവുമായി ബന്ധപ്പെട്ടവർക്കും കൺസൾട്ടിങ് സേവനങ്ങൾക്കായി വിവിധ രാജ്യങ്ങൾ വൻതുക നൽകിയതായി പുറത്തുവന്ന ഓഡിയോ സൂചിപ്പിക്കുന്നു.
1997 മുതൽ 2007 വരെ യുകെ പ്രധാനമന്ത്രിയായിരുന്ന ബ്ലെയറിന്റെ ‘ടോണി ബ്ലെയർ അസോസിയേറ്റ്‌സ്’ പല വിദേശ സർക്കാരുകൾക്കും നിയമോപദേശം നൽകിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.
പ്രധാനമന്ത്രി പദവി ഒഴിഞ്ഞ ശേഷം ബ്ലെയർ ആരംഭിച്ച കൺസൾട്ടൻസി സ്ഥാപനം 2016-ൽ നിർത്തലാക്കി. ഇതിനു പിന്നാലെ ‘ടോണി ബ്ലെയർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ചേഞ്ച്’ എന്ന പുതിയ സംഘടനയ്ക്ക് അദ്ദേഹം രൂപം നൽകി.
ആത്മഹത്യ ചെയ്ത ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനോട്, പ്രധാനമന്ത്രി പദവി ഒഴിഞ്ഞ ശേഷം പണം സമ്പാദിക്കാനുള്ള വഴികളെക്കുറിച്ച് എഹുദ് ബരാക്ക് ഉപദേശം തേടുന്ന ഓഡിയോയാണ് പുറത്തുവന്നത്.
ലോബിയിംഗിനായി കസാഖ്സ്ഥാൻ സർക്കാർ ടോണി ബ്ലെയറിന് 11 മില്യൺ ഡോളർ നൽകിയതായും ഇതിൽ ബരാക്ക് വെളിപ്പെടുത്തുന്നുണ്ട്.പണത്തിന് വേണ്ടി ടോണി ബ്ലെയർ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് തനിക്കറിയില്ലെന്നും എന്നാൽ വൻതുകകൾ പ്രതിഫലമായി ലഭിക്കുന്നതായി കേൾക്കുന്നുണ്ടെന്നും എപ്സ്റ്റീൻ സംഭാഷണത്തിൽ പറയുന്നു.
അഞ്ച് മില്യൺ, പത്ത് മില്യൺ ഡോളറുകളൊക്കെ ഇത്തരത്തിൽ കൈമാറ്റം ചെയ്യപ്പെടുന്നതായാണ് എപ്സ്റ്റീന്റെ വെളിപ്പെടുത്തൽ.ടോണി ബ്ലെയറിന്റെ ജീവിതശൈലിയിൽ നിന്നും വാച്ചുകളിൽ നിന്നും അദ്ദേഹത്തിന്റെ സമ്പാദ്യം വ്യക്തമാണെന്ന് ബരാക്ക് പറയുന്നു.
വർഷം പത്ത് മില്യൺ ഡോളറോളം ബ്ലെയർ സമ്പാദിക്കുന്നുണ്ടെന്നാണ് ഇതിന് മറുപടിയായി എപ്സ്റ്റീൻ വെളിപ്പെടുത്തിയത്.വിവാദ ഓഡിയോ 2013-ലേതാണെന്ന് കരുതപ്പെടുന്നു. ഇതിലെ ആരോപണങ്ങൾ വിഡ്ഢിത്തമാണെന്നും പണമിടപാടുകൾ വാസ്തവവിരുദ്ധമാണെന്നും ടോണി ബ്ലെയറിന്റെ വക്താവ് പ്രതികരിച്ചു.
എപ്‌സ്റ്റീനെ ഒരിക്കൽ കണ്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ചെങ്കിലും മറ്റൊരിക്കലും കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും വക്താവ് വ്യക്തമാക്കി.കസാഖ്സ്ഥാൻ സർക്കാർ പണം നൽകിയത് സത്യമാണെന്നും എന്നാൽ അത് ടോണി ബ്ലെയറിന് വ്യക്തിപരമായല്ല, അദ്ദേഹത്തിന്റെ സംഘടനയുടെ സേവനത്തിനുള്ള പ്രതിഫലമാണെന്നും വക്താവ് വ്യക്തമാക്കി.
